പാലാവയൽ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിക്ക് വർണാഭമായ സമാപനം
1490573
Saturday, December 28, 2024 7:04 AM IST
പാലാവയൽ: പാലായിൽനിന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി കെട്ടുവള്ളങ്ങളിലും തീവണ്ടിയിലും കയറി മലബാറിലെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്ര. മണ്ണിന്റെ സമൃദ്ധിയും കാലാവസ്ഥയുടെയും കാട്ടുമൃഗങ്ങളുടെയും കണ്ണില്ലാത്ത നിയമങ്ങളുടെയും വെല്ലുവിളിയും അനുഭവിച്ചറിഞ്ഞുകൊണ്ട് ഒരു ജനപദത്തെ വളർത്തിയെടുത്ത കാലം.
കുടിയേറ്റ കർഷകരുടെ അധ്വാനവും പള്ളിയും പള്ളിക്കൂടവും ചേർന്ന് നാടിനെ വികസനത്തിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്തിയ കാലം. ഏണിച്ചാലിലെ ഭൂമിയുടെ ഉടമസ്ഥാവകാശപ ്രശ്നം മുതൽ കാക്കടവ് പദ്ധതി വരെയുള്ള വെല്ലുവിളികളെയെല്ലാം അതിജീവിച്ച് നാടിനെ പുതിയ കാലത്തിലേക്ക് നയിച്ച കഥ. കുടിയേറ്റകാലം മുതലുള്ള നാടിന്റെ വളർച്ചാഘട്ടങ്ങളോരോന്നും ഒരിക്കൽകൂടി ഓർത്തെടുത്ത ദിനമായിരുന്നു ഇന്നലെ പാലാവയലിന്. കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ സമാപനദിനം നാടിന്റെ ഓരോ തലമുറകൾക്കും വേറിട്ട അനുഭവതലങ്ങൾ സമ്മാനിച്ചു.
കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈകിട്ട് 4.30 ന് നടന്ന കൃതജ്ഞതാബലിയിൽ ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. മുൻ വികാരിമാരായ ഫാ.ജോർജ് തെക്കുംചേരി, ഫാ.ഏബ്രഹാം തോണിപ്പാറ, ഫാ.തോമസ് പട്ടാംകുളം, റവ.ഡോ.തോമസ് ചിറ്റിലപ്പിള്ളി, ഇടവക വൈദികരായ ഫാ.മൈക്കിൾ വടക്കേടം, ഫാ.ജോൺ മുട്ടത്തുപാടത്ത്, ഫാ.ഫിലിപ്പ് കട്ടക്കയം എന്നിവർ സഹകാർമികരായി.
തുടർന്ന് നടന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് അധ്യക്ഷത വഹിച്ചു. ഭദ്രാവതി രൂപത വികാരി ജനറാൾ റവ.ഡോ.തോമസ് ചിറ്റിലപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. തോമാപുരം ഫൊറോന വികാരി റവ.ഡോ.മാണി മേൽവട്ടം, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ പാറേക്കുടിലിൽ, പഞ്ചായത്ത് അംഗങ്ങളായ തേജസ് ഷിന്റോ കാവുകാട്ട്, വി.ബി.ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് അസി.വികാരി ഫാ.പ്രവീൺ കായംകാട്ടിൽ സമ്മാനവിതരണം നടത്തി. വികാരി ഫാ.ജോസ് മാണിക്കത്താഴെ സ്വാഗതവും ഇടവക കോ-ഓർഡിനേറ്റർ ടോമിച്ചൻ വട്ടോത്ത് നന്ദിയും പറഞ്ഞു.
കുടിയേറ്റ കാലം മുതലുള്ള വളർച്ചയിലെ വിസ്മരണീയ മുഹൂർത്തങ്ങളെ വിവിധ കലാരൂപങ്ങളിൽ കോർത്തിണക്കിക്കൊണ്ട് സെന്റ് ജോൺസ് ഇടവകാംഗങ്ങൾ അവതരിപ്പിച്ച പാലാ മുതൽ പാലാവയൽ വരെ എന്ന ദൃശ്യാവിഷ്കാരം ഓരോ കാലത്തിന്റെയും തനതായ പ്രതിഫലനമായി.
ഇടവേളകളില്ലാതെ രണ്ടര മണിക്കൂറിലേറെ നീണ്ട അവതരണത്തിൽ വിവിധ നൃത്തനൃത്യങ്ങൾ, ചവിട്ടുനാടകം, മാർഗംകളി, വില്ലടിച്ചാൻപാട്ട്, നാടൻപാട്ടുകൾ, കൊയ്ത്തുപാട്ട് എന്നുതുടങ്ങി മൂകാഭിനയവും നാടകവും വരെയുള്ള കലാരൂപങ്ങൾ വേദിയിലെത്തി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ കലാരൂപങ്ങളിൽ വേഷമിട്ടു. പഴയ കാലങ്ങളിലെ വിവിധ കാഴ്ചകളും വേദിയിൽ പ്രദർശിപ്പിച്ചു.