എടിഎം നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കവര്‍ന്ന സംഭവം: സംഘത്തലവന് അറസ്റ്റില്‍
1490572
Saturday, December 28, 2024 7:04 AM IST
കാസര്‍ഗോഡ്: ഉപ്പള ആക്സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനില്‍നിന്ന് 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ സംഘത്തലവന് അറസ്റ്റില്‍. തമിഴ്നാട്ടിലെ കുപ്രസിദ്ധ തിരുട്ടുഗ്രാമമായ റാംജിനഗര്‍ ഹരിഭാസ്കര് കോളനിയിലെ കാര്‍വര്‍ണനെ (28) യാണ് മഞ്ചേശ്വരം പോലീസ് സാഹസികമായി പിടികൂടിയത്.
മൂന്നംഗ കവര്‍ച്ചാസംഘത്തിലെ മുത്തുകുമരനെ (47) സെപ്റ്റംബര്‍ മൂന്നിന് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മാസങ്ങളായി മറ്റു രണ്ടു പ്രതികളും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഇടയ്ക്കിടെ പ്രതികള്‍ തിരുട്ടു ഗ്രാമത്തില്‍ വന്നുപോകുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായ പോലീസ് കുറച്ചുദിവസങ്ങളായി ഗ്രാമത്തില്‍ താമസിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. കാര്വര്ണന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞതായി പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ.അനൂപ് കുമാര്‍, എസ്ഐ രതീഷ് ഗോപി, എഎസ്ഐ ദിനേഷ് രാജന്, എസ്സിപിഒ ഷുക്കൂര്‍, സിപിഒ പി. കെ.ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മാര്‍ച്ച് 27ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉപ്പള ടൗണിലാണ് നടുക്കിയ കവര്‍ച്ച അരങ്ങേറിയത്. എടിഎം മെഷീനില്‍ നിറയ്ക്കാനായി ഒരു കോടി രൂപയാണ് വാനില്‍ കൊണ്ടുവന്നത്. 50 ലക്ഷം വീതമുള്ള രണ്ടു ബോക്സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. വണ്ടി ലോക്ക് ചെയ്തശേഷം ഒരു ബോക്സുമായി വാന്‍ ഡ്രൈവര്‍ എടിഎം കൗണ്ടറിലേക്ക് പോയപ്പോൾ വാനിന്റെ ചില്ല് തകര്‍ത്ത് നിമിഷനേരം കൊണ്ട് പണം കവരുകയായിരുന്നു.
പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി കടന്നയാള്‍ക്കൊപ്പം മറ്റു രണ്ടുപേരും മംഗളുരു ഭാഗത്തുനിന്ന് ബസില്‍ വന്നിറങ്ങുന്നതും കവര്‍ച്ചയ്ക്കുശേഷം ഉപ്പളയില്‍ നിന്ന് ഓട്ടോയില്‍ കയറി കുമ്പള ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചു. ഉപ്പള ടൗണില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്.
ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഇവിടെ നിര്‍ത്തില്ലെന്നു മനസിലാക്കിയ സംഘം മറ്റൊരു ഓട്ടോയില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തി വൈകുന്നേരത്തെ കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കടന്നുകളയുകയായിരുന്നു. വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് പണം കവരുന്നതാണ് രീതി. കര്‍ണാടകയിലും തമിഴ്നാട്ടിലും ഇത്തരം കേസുകളില്‍ ഇവര്‍ പ്രതികളാണ്.