പെരിങ്ങോത്തുകാരുടെ ഓർമയിൽ സമരവേദിയിലെ എംടി
1490571
Saturday, December 28, 2024 7:04 AM IST
ചീമേനി: പെരിങ്ങോത്ത് ആണവനിലയം സ്ഥാപിക്കാൻ നടന്ന നീക്കത്തിനെതിരെ മൂന്ന് ദശകങ്ങൾക്കുമുമ്പ് നടന്ന സമരം വീണ്ടും നാടിന്റെ ഓർമയിലെത്തുന്നത് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നിർദേശം അടുത്തിടെ ഭരണതലത്തിൽ ഉയർന്നുവന്നതോടെയാണ്. പ്രത്യക്ഷ സമരവേദികളിൽ അധികമൊന്നും ഇറങ്ങിയിട്ടില്ലാത്ത എം.ടി.വാസുദേവൻ നായർ പെരിങ്ങോം ആണവനിലയത്തിനെതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 1987-91 കാലത്ത് എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരിങ്ങോത്ത് ആണവനിലയം സ്ഥാപിക്കാൻ നീക്കം നടന്നത്.
വിവിധ പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശക്തമായ സമരപരമ്പരകളാണ് അതിനെതിരായി ഉണ്ടായത്. ഇടതുപക്ഷ സഹയാത്രികരായിരുന്ന ഡോ. ആർ.വി.ജി. മേനോനെ പോലെയുള്ള ശാസ്ത്രകാരന്മാരും സാംസ്കാരിക നായകരും പോലും സമരരംഗത്തെത്തിയിരുന്നു.
ഹിരോഷിമ ദിനത്തിൽ ചീമേനിയിൽനിന്ന് പെരിങ്ങോത്തേക്ക് ആയിരക്കണക്കിനാളുകൾ അണിനിരന്ന റാലിയെ മുന്നിൽനിന്നു നയിച്ചത് സുഗതകുമാരിയും എം.ടി.വാസുദേവൻ നായരും ആർ.വി.ജി.മേനോനുമായിരുന്നു. പിന്നീട് പെരിങ്ങോത്തുനിന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് ലോംഗ് മാർച്ച് നടത്തിയപ്പോൾ അതിന്റെ ഉദ്ഘാടനവേദിയിലും എംടിയെത്തി. അന്ന് സാഹിത്യത്തിലും സിനിമയിലുമൊക്കെ തിളങ്ങിനിന്നിരുന്ന എംടിയെ പോലുള്ള പ്രശസ്തർ വടക്കൻ കേരളത്തിലെ ഒരു ചെറുഗ്രാമത്തിലെ സാധാരണക്കാർക്കൊപ്പം സമരം നടത്താനെത്തിയത് അപൂർവസംഭവമായിരുന്നു.
തലശേരി അതിരൂപതയുടെ ആദ്യ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ഡോ.സുകുമാർ അഴീക്കോട് എന്നിവരെല്ലാം സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. പിന്നീട് കെ. കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറി. പെരിങ്ങോത്ത് ആണവനിലയത്തിനായി പരിഗണിച്ച സ്ഥലത്ത് പിന്നീട് സിആർപിഎഫ് ക്യാമ്പ് വരികയും ചെയ്തു.