താഴെ ചൊവ്വയിൽ മൂന്നു ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതരം
1490569
Saturday, December 28, 2024 7:04 AM IST
കണ്ണൂർ: കണ്ണൂർ-തലശേരി ദേശീയപാതയിൽ താഴെ ചൊവ്വയ്ക്ക് സമീപം തെഴുക്കിലെ പീടികയിൽ പാഴ്സൽ ലോറി നിയന്ത്രണംവിട്ട് ടാങ്കറിലും സിമന്റുമായി വന്ന മറ്റൊരു ലോറിയിലും ഇടിച്ചു. അപകടത്തിൽ പാഴ്സൽ ലോറി ഡ്രൈവർക്ക് ഗുരുതരായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാഴ്സൽ ലോറി ഡ്രൈവർ കർണാടക സ്വദേശി ജയകൃഷ്ണനെ (30) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. വിആർഎൽ ലൊജിസ്റ്റിക്കിന്റെ കെ എൽ 41 കെ 7951 നമ്പർ പാഴ്സൽ ലോറിയാണ് അപകടത്തിനിടയാക്കിയത്. കണ്ണൂർ ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പാഴ്സൽ ലോറി എതിരേ വരികയായിരുന്ന കെഎൽ 42 പി 6016 ടാങ്കർ ലോറിയിലും തുടർന്ന് സിമന്റുമായി വരികയായിരുന്ന ടിഎൻ 47 ബിഎക്സ് 3283നമ്പർ ലോറിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിമന്റ് ലോറി നിയന്ത്രണം വിട്ട് സമീപത്തെ ബസ് ഷെൽട്ടറിലേക്കും കടയിലേക്കും ഇടിച്ചുകയറി.
ഷെൽട്ടർ പൂർണമായും കടയുടെ മുൻഭാഗം ഭാഗികമായും തകർന്നു. ടൗൺപോലീസും അഗ്നിശമന സേനയുമെത്തിയാണ് ലോറികൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.