ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റ് ആരംഭിക്കാൻ ശ്രമം തുടങ്ങും
1490559
Saturday, December 28, 2024 7:04 AM IST
ഇരിട്ടി: മേഖലയിലെ നിർധനരായ വൃക്ക രോഗികൾക്കു ആശ്വാസം പകർന്നു ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റും യാഥാർഥ്യമാക്കാനുള്ള ശ്രമം നടത്താൻ ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി പൊതുയോഗം തീരുമാനിച്ചു. 2019 മേയ് 20ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചാണു പ്രവർത്തിക്കുന്നത്.
തുടക്കത്തിൽ ഒരു ഷിഫ്റ്റാണു പ്രവർത്തിച്ചിരുന്നത്. 2023 സെപ്റ്റംബർ 18ന് രണ്ടാം ഷിഫ്റ്റും പ്രവർത്തനം ആരംഭിച്ചതോടെ ദിവസവും 37 രോഗികൾക്ക് ഇപ്പോൾ ഡയാലിസിസ് സൗകര്യം ഇവിടെ ലഭ്യമാണ്. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുമാണു താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്.
298 പേരാണ് ഡയാലിസിസിന് അവസരം തേടി അപേക്ഷ നൽകിയിരുന്നത്. രണ്ട് ഷിഫ്റ്റുകളിൽ 282 രോഗികൾക്കാണ് ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നത്. മൂന്നാം ഷിഫ്റ്റ് കൂടി ആരംഭിക്കാൻ കഴിഞ്ഞാൽ അപേക്ഷ നല്കിയിരിക്കുന്നവരെ കൂടി പരിഗണിക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. സോയ, എ.കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, എൻ.കെ. ഇന്ദുമതി, സി.കെ. അനിത, വി. ശശി, വെൽഫെയർ സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, ട്രഷറർ അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ്, ഡയാലിസിസ് യൂണിറ്റ് ഇൻചാർജ് നഴ്സ് എ.കെ. ഷിമ, അക്കൗണ്ടന്റ് കെ.അഞ്ചു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. ശ്രീലത-ചെയർമാൻ, അയൂബ് പൊയിലൻ-സെക്രട്ടറി, അജയൻ പായം-ട്രഷറർ.