വനം വകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങി
1490552
Saturday, December 28, 2024 7:03 AM IST
ഇരിട്ടി: കണ്ണൂർ ഡിവിഷനിൽപ്പെട്ട തളിപ്പറമ്പ്, കണ്ണവം, കൊട്ടിയൂർ റേഞ്ചിൽപ്പെട്ട വനം വകുപ്പിലെ 17 താത്കാലിക ജീവനക്കാർക്ക് 10 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ബാക്കി വരുന്ന തൊഴിലാളികൾക്ക് നാലു മാസമായി ശമ്പളം കിട്ടിയിട്ടില്ലന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.
ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് വേതനം മുടങ്ങുന്നത്. ഓണത്തിന് ലഭിക്കേണ്ട 1210 രൂപ ഉത്സവബത്ത നാലാം ഓണത്തിന് കൊടുക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും നാളിതുവരെ ഇവർക്ക് ലഭിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു.
പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ സമരത്തിന് നോട്ടീസ് നൽകി കണ്ണൂർ ഡിഎഫ്ഒ ഓഫീസിന് മുന്പിൽ റിലേ സമരം നടത്താനാണ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ (എഐടിയുസി) തീരുമാനം.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയിൽ എടുക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ടി. ജോസ്, സെക്രട്ടറി യു. സഹദേവൻ, ജോയിന്റ് സെക്രട്ടറി എം.ജി. മജുംദാർ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.