ഓർമകളിലെ കബഡി ആരവത്തിൽ പഴയകാല കളിക്കാരുടെ സംഗമം
1490551
Saturday, December 28, 2024 7:03 AM IST
പയ്യന്നൂര്‍: എണ്‍പതുകളില്‍ കബഡി കളങ്ങളെ ഇളക്കിമറിച്ച കായിക പ്രതിഭകള്‍ വെള്ളൂര്‍ ആലിന്‍കീഴില്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരിലുയരുന്നത് കബഡിയുടെ ആവേശം. 29ന് കണിയേരി ഗ്രാമീണ കലാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായാണ് മുൻകാല കളിക്കാരുടെ സംഗമം ഒരുക്കിയത്.
സംഗമം മുന്‍ എംഎല്‍എ സി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ കബഡി കോച്ച് കെ. ഗണേഷ് മുഖ്യാഥിതിയായിരുന്നു. കെ.പി. ബാബു, ഇ.വി. രാജേന്ദ്രന്, കെ. ഹരീഷ്, വി.കെ. രാജീവന്, കെ.വി. കൃപേഷ്, സി. വിനേഷ് എന്നിവര്‍ പ്രസംഗിച്ചു.
തരംഗിണി, ദിനേശ് ബീഡി ടീമിന്റെ റെഡ് സ്റ്റാര്‍, ജന്‍സ് വെള്ളൂര്‍, സെന്‍ട്രല്‍ വെള്ളൂര്‍, നവശക്തി, എകെജി എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചവർ പഴയകാല കളിവസ്ത്രമായ കൈയില്ലാത്ത ബനിയനും ട്രൗസറും ധരിച്ചായിരുന്നു എത്തിയത്.
ഇന്നത്തെപ്പോലെ കാഷ് അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ട്രോഫിക്ക് വേണ്ടിയുള്ള ആവേശത്തിലാണ് മുൻകാലത്ത് കളത്തിലിറങ്ങിയതെന്ന് സംഗമത്തിൽ പങ്കെടുത്ത തരംഗിണി വെള്ളൂരിന്റെ കളിക്കാരനായ സി. തമ്പാൻ പറഞ്ഞു. കബഡി കബഡി എന്നതിന് പകരം കുടു... കുടു... എന്ന് പറഞ്ഞാണ് അന്ന് കളിച്ചിരുന്നതെന്ന് 1974ല്‍ ദിനേശ് ബീഡിക്ക് വേണ്ടി കളത്തിലിറങ്ങിയ പി.വി. ഭാസ്കരൻ ഓർമ പങ്കിട്ടു. തടിമിടുക്കും ശക്തിയും മാത്രമല്ല ബുദ്ധി കൂടി പ്രവര്‍ത്തിച്ചാലേ നല്ല ടീം ഉണ്ടാവുകയുള്ളൂവെന്നാണ് റിട്ട. കായിക അധ്യാപകന് കൂടിയായ ഇ. പവിത്രന്റെ അഭിപ്രായം. കായിക മേഖലയെ സിലബസിന്റെ ഭാഗമാക്കണമെന്നും പഴയകാലത്തെ അപേക്ഷിച്ച് തന്ത്രങ്ങളിലൂടെയാണ് ഇപ്പോള്‍ കബടി നടക്കുന്നതെന്നും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇന്ന് കളി ജയിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.