അധ്യാപകന്റെ കരവിരുതിൽ വർണാഭമായി തെയ്യ തിരുമുടികൾ
1488623
Friday, December 20, 2024 7:04 AM IST
പെരുമ്പടവ്: തെയ്യക്കോലങ്ങൾക്ക് വർണാഭമായ തിരുമുടികൾ തയാറാക്കി മുൻ അധ്യാപകൻ. കരിപ്പാൽ എസ്വിയുപി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്ന ഇ.വി. നാരായണനാണ് വിവിധ തെയ്യങ്ങളുടെ തിരുമുടിയും മറ്റ് ആടയാഭരണങ്ങളും പുതുവർണം നൽകിയും മിനുക്ക് പണി ചെയ്തും മനോഹരമാക്കുന്നത്. ഊർപ്പഴശി, കരിന്തിരി നായർ, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ തിരുമുടികളാണ് ഇപ്പോൾ തയാറാക്കുന്നത്.
ഇതുവരെ 12 തെയ്യങ്ങൾക്ക് തിരുമുടിയൊരുക്കി കഴിഞ്ഞു. ജൈവകർഷകൻ കൂടിയായ ഇദ്ദേഹം. ആരോഗ്യപ്രശ്നങ്ങളാൽ ഇൻവാലിഡ് പെൻഷൻ ആയി വിശ്രമ ജീവിതത്തിനിടയിലാണ് തന്റെ കലാ അഭിരുചി പ്രകടമാക്കുന്നത്.1990ൽ ബ്രഷ്മാൻ സ്കൂൾ ഓഫ് ആർട്സിൽ നിന്നും കെജിടിഇ കോഴ്സ് പൂർത്തിയാക്കിയ അദ്ദേഹം നാടകനടൻ കൂടിയാണ്.
കണ്ണൂർ സംഘചേതനയുടെ സ്വാതന്ത്യത്തിന്റെ മുറിവുകൾ എന്ന നാടകത്തിൽ ഗാന്ധിജിയുടെ വേഷം ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം-കണ്ണങ്കൈയിൽ താമസിക്കുന്ന ഇ.വി. നാരായണന്റെ ഭാര്യ കരിപ്പാൽ സ്കൂളിലെ അധ്യാപികയായ എൻ.കെ. ജയന്തിയാണ്. മക്കൾ: യദുകൃഷ്ണൻ, ഹരികൃഷ്ണൻ.