തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം; പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
1488618
Friday, December 20, 2024 7:04 AM IST
തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിന്റെ ഭാഗമായി അന്വേഷണവും പരിശോധനയും കർശനമാക്കി. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ വർധിച്ചു വരുന്ന മഞ്ഞപ്പിത്തം കേസുകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു സ്വകാര്യ കുടിവെള്ള വിതരണക്കാരൻ വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ഹോട്ടലുകളിൽ നിന്നും ജ്യൂസ് കടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ആണ് മഞ്ഞപ്പിത്തം പിടിപെട്ടത് എന്നാണ്.
അതുകൊണ്ട് തന്നെ അടിയന്തരമായി ഈ കുടിവെള്ള വിതരണം നിർത്തിക്കുകയും. കുടിവെള്ള വിതരണ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ തന്നെ ശുചിത്വമില്ലാത്ത ടാങ്കുകളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. വെള്ളത്തിന്റെ സാമ്പിൾ ടെസ്റ്റ് ചെയ്യാനും നടപടികൾ സ്വീകരിക്കാനും തളിപ്പറമ്പ് മുനിസിപ്പലിറ്റി സെക്രട്ടറിക്ക് ആരോഗ്യ വകുപ്പ് അടിയന്തിര നിർദേശം നൽകി. തളിപ്പറമ്പിൽ ഈ വർഷം മേയ് മാസമാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. നിരവധിപേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം നവംബർ, ഡിസംബർ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും.
മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡിഎംഒയുടെ നിർദേശപ്രകാരം ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേക സ്ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തത്തിന് ഇടയാക്കിയത്
വിതരണം ചെയ്യുന്ന വെള്ളം
മാറിയതോ?
തളിപ്പറമ്പ് നഗരത്തിലെ ചില ഹോട്ടലുകൾക്കും, കൂൾബാറുകൾക്കും കുടിവെള്ളം സപ്ലൈ ചെയ്യുന്ന ഈ കമ്പനി തന്നെയാണ് തളിപ്പറമ്പിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് അടക്കുമുള്ള പ്രവർത്തനങ്ങൾക്ക് വെള്ളം എത്തിച്ചു നല്കുന്നത്. ഒരേ വാഹനത്തിൽ തന്നെ വിതരണം ചെയ്യുന്നതിനാൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ശുചിത്വമില്ലാത്ത വെള്ളം ചിലപ്പോൾ കുടിവെള്ളം ആയി നല്കിയിട്ടുണ്ടാകാമെന്നും ഇത് ഉപയോഗിച്ചതിനാലാകാം മഞ്ഞപ്പിത്തം ബാധിച്ചതെന്നും ചിലർ പറയുന്നുണ്ട്.
സ്വകാര്യ കുടിവെള്ള
വിതരണക്കാർക്കെതിരേ
മുന്പും ആരോപണം
മുൻ കാലങ്ങളിൽ തളിപ്പറമ്പ് പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വയറിളക്കം രോഗങ്ങൾ വ്യാപകമായപ്പോൾ ആരോപണ വിധേയമായിട്ടുള്ള കുടിവെള്ള കമ്പനി കടന്നപ്പള്ളി പുഴയിൽ നിന്ന് വെള്ളം എടുത്തു കുടിവെള്ളം ആയി വിതരണം ചെയ്തതായി വ്യാപക പരാതി ഉണ്ടായിരുന്നെങ്കിലും അതിൻമേൽ തുടരന്വേഷണമോ നടപടിയോ ഇല്ലാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ചെറിയലാഭം നോക്കിയാണ് ചില ഹോട്ടൽ, കൂൾ ബാർ വ്യാപാരികൾ സ്വകാര്യ കുടിവെള്ള കമ്പനിയെ ആശ്രയിക്കുന്നത്. തങ്ങളുടെ കടകളിൽ ജപ്പാൻ അല്ലെങ്കിൽ വാട്ടർ അഥോറിറ്റി കണക്ഷൻ എടുത്തു വയ്ക്കുന്നത് കണക്ഷൻ കാണിച്ച് കടകളുടെ ലൈസൻസ് വാങ്ങുന്നതിനു മാത്രമാണ്. കണക്ഷൻ കിട്ടിയ വെള്ളം വളരെ കുറച്ച് മാത്രം ഉപയോഗിച്ചുകൊണ്ട് ബാക്കി ദിവസങ്ങളിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്വകാര്യ കമ്പനികളുടെ വെള്ളമാണ് തങ്ങളുടെ കടകളിൽ ഉപയോഗിക്കുന്നത്. ഈ വെള്ളത്തിന് ജലപരിശോധനാ റിപ്പോർട്ടിന്റെ ഒരു ആധികാരികതയും ഇല്ല എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ശുചിത്വം പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
തട്ടുകടകൾക്ക് നിരോധനം
തളിപ്പറമ്പ്: നഗരസഭ പരിധിയിലെ തട്ടുകടകളുടെ പ്രവർത്തനം 2025 ജനുവരി അഞ്ചുവരെ തടഞ്ഞ് നഗരസഭ. നഗരസഭ പരിധിയിലെ എല്ലാ കിണറുകളും ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ക്ലോറിനേഷൻ നടത്താനും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിളിച്ചു ചേർത്ത അടിയന്തരയോഗം തീരുമാനിച്ചു.
നഗരസഭാ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന എല്ലാ സ്വകാര്യ ഏജൻസികളുടെയും പ്രവർത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾ നിർബന്ധമായും വാട്ടർ അഥോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും യോഗം നിർദേശിച്ചു.
നഗരസഭാ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും കയറി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. സ്ഥിതിഗതികൾ നഗരസഭയും ആരോഗ്യ വിഭാഗവും പരിശോധിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
2024 മേയ് മുതൽ നഗരസഭാ പരിധിയിൽ ആകെ 363 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മൂന്ന് രോഗികൾ മരണപ്പെട്ടു. ഈ മാസം മാത്രം 84 കേസുകൾ റിപ്പോർട്ട് ചെയ്തത് രോഗ പകർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. യോഗത്തിൽ നഗരസഭാ സെക്രട്ടറി, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ് അധികൃതർ, ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.