റബർ കൃഷിയിൽ കാലോചിത മാറ്റം അനിവാര്യം: റബർ കർഷക സമ്മേളനം
1488036
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: റബർ കൃഷിയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഇരിട്ടിയിൽ നടന്ന റബർ കർഷക സമ്മേളനം ആവശ്യപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യയിലൂടെ വരുമാന സുസ്ഥിരത കൈവരിക്കാനാകും. ഗവേഷണം, വികസനം, വിപുലീകരണം, വിപണനം തുടങ്ങിയ മേഖലകളിൽ റബർ ബോർഡ് ആധുനിക സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
റബർ കൃഷി ലാഭകരവും സുസ്ഥിരവുമാക്കുന്നതിന് കർഷകർ ഇത്തരം ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കണം. ഈ വിഷയങ്ങൾ കർഷകരുമായി ചർച്ച ചെയ്യാനും റബർ കൃഷി മേഖലകളിലെ ബോർഡിന്റെ പുതിയ കണ്ടുപിടിത്തങ്ങളും വികസനങ്ങളും പരിചയപ്പെടുത്തുന്നതിനുമാണ് ബോർഡ് റബർ കർഷകരുടെ സമ്മേളനം സംഘടിപ്പിച്ചത്. റബർ ഉൾപ്പെടെയുള്ള കാർഷിക മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു സമ്മേളനം.
കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന കൃഷിച്ചെലവ്, വിദഗ്ധ തൊഴിലാളി കളുടെ ക്ഷാമം, ഉടമസ്ഥരുടെ അഭാവം, ഉത്പാദന ക്ഷമതയിലെ ഇടിവ്, യുവതലമുറയ്ക്ക് കൃഷിയോ ടുള്ള വിമുഖത തുടങ്ങിയവ റബർ കർഷകർ ഉൾപ്പെടെ നേരിടുന്ന പ്രധാന വെല്ലിവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഗവേഷണ കേന്ദ്രത്തിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ചർച്ചയിൽ പങ്കെടുത്തു. റബർ പ്ലാന്റേഷൻ വികസന പദ്ധതികൾ, തൊഴിലാളി ക്ഷേമ പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിംഗ് നടത്തുന്ന പരിശീലന പരിപാടികൾ ബോർഡിന്റെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾൾ എന്നിവ യോഗത്തിൽ വിവരിച്ചു. റബർ കർഷകർക്ക് തുറന്ന ചർച്ചയ്ക്കും വേദിയൊരുക്കി.
ഇരിട്ടി ഗ്രാൻഡ് റിവർസൈഡ് ഓഡിറ്റോറിയത്തിൽ നടന്ന റബർ കർഷക സമ്മേളനം റബർ പ്രൊഡ ക്ഷൻ കമ്മീഷണർ ഡോ. ടി. സിജു ഉദ്ഘാടനം ചെയ്തു. ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മീഷണർ എൻ.സലി അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം എം.പി. രാജീവൻ, ഡെവലപ്മെന്റ് ഓഫീസർ പവിത്രൻ നമ്പ്യാർ, ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ഇൻ ചാർജ് കെ.ഹരിദാസ് എന്നിവർ പ്രസംഗിച്ചു .