വാഹനാപകടത്തിൽ കാറും ഓട്ടോറിക്ഷയും ബൈക്കും തകർന്നു
1488413
Thursday, December 19, 2024 7:56 AM IST
മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റ് ഒാഫീസിന് സമീപം കാർ നിയന്ത്രണംവിട്ട് ബൈക്കിലും വൈദ്യുത തൂണിലും ഇടിച്ച് അപകടം. കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓൾട്ടോ കാർ നിയന്ത്രണംവിടുകയും റോഡരികിൽ നിർത്തിയിട്ട ബൈക്കിടിച്ച് തെറിപ്പിച്ച ശേഷം വൈദ്യുത തൂണിലിടിച്ച് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് 20 മീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് തെറിച്ചുവീണു. വൈദ്യുത തൂൺ തകർന്നു റോഡിലേക്ക് വീണതിനാൽ വൈദ്യുത ലൈനിൽ കുടുങ്ങി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. കാറിൽ കുട്ടിയടക്കം മൂന്ന് പേരാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു.
കാർ യാത്രക്കാർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുത തൂൺ റോഡിൽ നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് കാർ നീക്കി.