നെടുംപൊയില്‍- മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
1488041
Wednesday, December 18, 2024 6:29 AM IST
നെടുംപൊയില്‍: നെടുംപൊയിൽ-മാനന്തവാടി ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന് റോഡ് ഗതാഗതത്തിന് തുറന്നുനല്‍കി. വിള്ളല്‍ രൂപപ്പെട്ട് നാലര മാസത്തെ പ്രവൃത്തിക്കു ശേഷമാണ് റോഡ് തുറന്നത്. റോഡ് ഭാഗികമായാണ് വാഹന ഗതാഗതത്തിന് തുറന്നു നല്‍കിയത്.
വയനാട് ദുരന്തമുണ്ടായ ദിവസമായിരുന്നു കണ്ണൂര്‍-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശേരി-മാനന്തവാടി ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ പേരിയ ചുരം വളവില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടത്. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത വിധം വിള്ളല്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് അടച്ചിട്ട് പുനര്‍നിര്‍മാണം നടത്തുകയായിരുന്നു.
റോഡ് അടച്ചതിനാല്‍ വാഹനങ്ങളെല്ലാം തന്നെ കൊട്ടിയൂര്‍-പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡ് വഴിയായിരുന്നു മാനന്തവാടിയിലേക്കും തിരിച്ചും പോയിരുന്നത്. ഇത് പ്രദേശവാസികള്‍ക്കും സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഏറെ ദുരിതമായി മാറിയിരുന്നു.
ഏലപ്പീടിക സെമിനാരി വില്ല, പൂളക്കുറ്റി, ചന്ദനത്തോട് മേഖലയിലുള്ളവര്‍ ഏറ്റവും അടുത്ത ആവശ്യങ്ങള്‍ക്കായി എത്തുന്നത് പേരാവൂര്‍ നെടുംപൊയില്‍ ഭാഗങ്ങളിലായിരുന്നു. വാഹന സൗകര്യം ലഭ്യമാകാതായതോടെ കിലോമീറ്റര്‍ ഓളം ചുറ്റി വയനാട്ടിലേക്കും മറ്റും പോകേണ്ട അവസ്ഥയായിരുന്നു. റോഡ് നിർമാണ പ്രവൃത്തിക്കിടെ ഒരു തൊഴിലാളി മരിക്കുകയും ചെയ്തു.
കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, തവിഞ്ഞാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കല്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സിറ്റി പ്രേംജിത്ത്, തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സ്വപ്ന, പ്രിന്‍സ്, ലൈജു തോമസ്, കണിച്ചാര്‍ പഞ്ചായത്ത് അംഗം ജിമ്മി ഏബ്രഹാം, ആനി ബസന്റ്, അഡ്വ. എന്‍. രാജന്, കെ.സി. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.