കേരള വനനിയമ ഭേദഗതി എംഎൽഎമാർ എതിർക്കണം: കേരള കോൺഗ്രസ്-എം
1487875
Tuesday, December 17, 2024 7:18 AM IST
ചെമ്പന്തൊട്ടി: കേരളത്തിൽ വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ 1.30 കോടി കർഷകരെ അവരുടെ കൃഷിയിടങ്ങളിൽ നിന്നും കുടിയിറക്കാനുള്ള ഒരു വിഭാഗം ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഗൂഢോദ്ദേശ പദ്ധതിയാണു വനനിയമ ഭേദഗതി കരട് വിജ്ഞാപനമെന്നും കർഷക ജനതയുടെ വികാരം മാനിക്കാതെ നിയമസഭയിൽ നിയമഭേദഗതിക്ക് വന്നാൽ കേരള കോൺഗ്രസ്-എം എംഎൽഎമാർ ഭേദഗതിയെ എതിർക്കണമെന്ന് കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിലെ വനാതിർത്തികളിൽ വസിക്കുന്നവരെ മാത്രമല്ല കേരളത്തിൽ എവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കോടതിയെ അറിയിക്കാതെ കസ്റ്റഡിയിൽ വയ്ക്കാനും വനംവകുപ്പിന് അധികാരം നൽകുന്ന വനനിയമ ഭേദഗതി നിർദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല. അടിയന്തരാവസ്ഥയിൽ പ്രയോഗിച്ച കരിനിയമങ്ങളെ വെല്ലുന്ന കിരാത നിയമമാണിതെന്നും ഇത് കണ്ടില്ലെന്ന് വകുപ്പ് മന്ത്രി നടിക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
ചെന്പന്തൊട്ടിയിൽ കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പാർട്ടി പ്രവർത്തകരായ ജോസഫ് ഇലവുങ്കൽ, തോമസ് ചുക്കനാനി എന്നിവരെ ജോസ് ചെമ്പേരി ഷാൾ അണിയിച്ച് ആദരിച്ചു.
കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച പി.പി. രാഘവന് ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ കേരള കോൺഗ്രസ്-എം അംഗത്വം നൽകി. കെ.ടി. സുരേഷ് കുമാർ, സി.ജെ. ജോൺ, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, ഏലമ്മ ജോസഫ്, നോബിൻസ് ചെരിപ്പുറം, സണ്ണി മുക്കുഴി, ടി.എൽ. ആന്റണി, ജിനോ പാറേമാക്കൽ, ജോളി പുതുശേരി, ഇമ്മാനുവൽ ഉളിക്കൽ, ജയിംസ് മാനുവൽ, വി.പി. സെബാസ്റ്റ്യൻ, ഷാജി കുറ്റിയാത്ത്, ജെയിംസ് ചിറമാട്ടേൽ, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.