ചികിത്സയിലും സേവനത്തിലും എംസിസി മാതൃക: ജില്ലാ സെഷൻസ് ജഡ്ജ്
1488606
Friday, December 20, 2024 7:03 AM IST
തലശേരി: വൈദ്യശാസ്ത്ര രംഗത്ത് തലശേരിക്ക് മഹിതമായ ഒരു പാരമ്പര്യമുണ്ടെന്നും മലബാർ കാൻസർ സെന്റർ ആ മഹത്വം ഉയർത്തിപ്പിടിക്കുന്നത് അഭിമാനകരമാണെന്നും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്. മലബാർ കാൻസർ സെന്റർ സെമിനാർ ഹാളിൽ മലബാർ കാൻസർ സെൻറും, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മനസിലാക്കാനായാൽ എളുപ്പം മാറ്റാവുന്ന രോഗമാണ് കാൻസറെന്നും, സാമ്പത്തിക പരാധീനതയുള്ള രോഗികൾക്ക് ചുരുങ്ങിയ ചെലവിൽ അത്യാധുനീക ചികിത്സ ലഭിക്കുന്ന ചികിത്സാലയമാണ് എംസിസിയെന്നും ജഡ്ജ് പറഞ്ഞു. സബ് കളക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യപ്രഭാഷണം നടത്തി. മേജർ പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, കെ.എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ ആമുഖഭാഷണം നടത്തി. ഡോ. ഇ.കെ. നബീൽ യാഹിയ, ഡോ. അഞ്ചു ആർ. കുറുപ്പ്, അനിത തയ്യിൽ എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് പാനൽ ചർച്ചയും നടന്നു. ഡോ. ഫിൻസ് എം. ഫിലിപ്പ് മോഡറേറ്ററായിരുന്നു.