ഫാ. ജോസഫ് ചാത്തനാട്ട് സുവർണ ജൂബിലി നിറവിൽ
1488422
Thursday, December 19, 2024 7:56 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറ ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. വിശുദ്ധ കുർബാന മധ്യേ അദ്ദേഹം ജൂബിലി തിരിതെളിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സഹവികാരി ഫാ. ജോസ് കടയിലാൻ, മദർ സുപ്പീരിയർ സിസ്റ്റർ അനിത ജോസ് എംഎസ്എംഐ, ഇടവക കോ-ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര, പരിഷ് ട്രസ്റ്റി ടോമി വടക്കൻവീട്ടില്‍ എന്നിവർ ആശംസകളർപ്പിച്ചു.
1975 ഡിസംബർ 17 ന് പാലാ രൂപത മറ്റക്കരയിലെ സ്വന്തം ഇടവക ദേവാലയത്തിൽ നടന്ന ചടങ്ങിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്നാണ് ഫാ. ജോസഫ് ചാത്തനാട്ട് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് കുന്നോത്ത്, എടൂർ പള്ളികളിൽ സഹവികാരിയായി. ചുള്ളി, പാത്തൻപാറ, പാണത്തൂർ എന്നീ പള്ളികളിൽ വികാരിയായി പ്രവർത്തിച്ചു. തുടർന്നുള്ള 12 വർഷം ബൽത്തങ്ങാടി രൂപതയിൽ പ്രൊക്കുറേറ്ററായും വികാരിയായും സേവനം ചെയ്തു. പിന്നീട് മണ്ഡപം, കരുവഞ്ചാൽ, കുന്നോത്ത് പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തശേഷം കരുവഞ്ചാലിലെ വൈദിക മന്ദിരം ഡയറക്ടറായും പ്രവർത്തിച്ചു.