അഡൂർക്കടവ് പാലം പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു
1488021
Wednesday, December 18, 2024 6:29 AM IST
ശ്രീകണ്ഠപുരം: അഡൂർക്കടവ് പാലത്തിന്റെ കോൺക്രീറ്റ് പണികൾ മഴകാലത്തിന് മുന്പേ പൂർത്തിയാക്കാൻ തീരുമാനം. പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പണി തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഉദ്ഘാടനം നടത്തുമെന്ന് ശിലാസ്ഥാപന വേദിയിൽ തന്നെ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ കൺസ്ട്രഷൻ കമ്പനി അധികൃതർ എം.വി.ഗോവിന്ദൻ എംഎൽഎയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
ഇപ്പോൾ ചെങ്ങളായി ഭാഗത്തെ പണിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. 12.15 കോടി ചെലവിട്ടാണ് മലപ്പട്ടം– ചെങ്ങളായി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പാലം പണിയുന്നത്.
പുഴയിൽ 105 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളായിട്ടാണ് പാലത്തിന്റെ രൂപകല്പന. അഡൂർ ഭാഗത്ത് 350 മീറ്റർ നീളത്തിൽ പാർശ്വറോഡും, ചെങ്ങളായി ഭാഗത്ത് 62 മീറ്റർ നീളത്തിൽ ലാൻഡ് സ്പാനും 10 മീറ്റർ പാർശ്വറോഡും ഉണ്ടായിരിക്കും. ചെങ്ങളായി ഭാഗത്ത് 62 മീറ്റർ നീളത്തിൽ ലാൻഡ് സ്പാനുകളുടെ പണിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.