"താലോലം 2024' ബഡ്സ് ജില്ലാ ഫെസ്റ്റിന് തുടക്കം
1488414
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ, ആവശ്യമായ പിൻബലവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ജില്ലാ ഫെസ്റ്റ് "താലോലം 2024' തലശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കലോത്സവത്തിന് പൊതുസമൂഹവും മാധ്യമങ്ങളും അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കഴിവുകളുള്ള ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം. അവർക്കാവശ്യമായ പിന്തുണ നൽകണം.
തലശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ 32 ബഡ്സ് സ്കൂളുകളിൽ നിന്നായി 270 ലേറെ കലാപ്രതിഭകളാണ് രണ്ട് ദിവസങ്ങളിലായി വിവിധ മത്സര ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. മൂന്ന് വേദികളിലായാണ് കലാപരിപാടികൾ അരങ്ങേറുന്നത്. ഒരു ഓപ്പൺ സ്റ്റേജിലും പരിപാടികൾ നടക്കുന്നുണ്ട്.ആദ്യ ദിനം പ്രച്ഛന്നവേഷ മത്സരം, നാടോടി നൃത്തം, ബാൻഡ് മേളം, ലളിതഗാനം, പദ്യപാരായണം, പെൻസിൽ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് ക്രയോൺ പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങൾ അരങ്ങേറി.നാളെ ഉപകരണ സംഗീത വിഭാഗത്തിൽ ചെണ്ടമേളം, കീബോർഡ്, നാടൻ പാട്ട്, ഒപ്പന, സംഘനൃത്തം, മിമിക്രി എന്നിവ നടക്കും.