അധികൃതർ കനിഞ്ഞില്ല; ജനകീയ കൂട്ടായ്മയിൽ റോഡ് കോൺക്രീറ്റ് ചെയ്തു
1488024
Wednesday, December 18, 2024 6:29 AM IST
മണക്കടവ്: അധികൃതർ കനിയാത്തതിനെ തുടർന്ന് ജനകീയ കൂട്ടായ്മയിൽ റോഡ് കോൺക്രീറ്റ് ചെയ്തു. മൂരിക്കടവ് പുഴക്ക് റഗുലേറ്റർ കം ബ്രിജ് നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കാതെ വന്നതോടെ ചീക്കാട് - മൂരിക്കടവ് റോഡിലെ ചപ്പാത്തിനോടു ചേർന്ന ഭാഗത്തെ റോഡ് ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു. വികസന സമിതിയിലെ വാട്സ് ആപ്പ് അംഗങ്ങൾ പണമായും പണിയാക്കും സാധനങ്ങൾ വാങ്ങി നൽകിയുമാണ് റോഡിൽ കോൺക്രീറ്റ് പ്രവർത്തികൾ നടത്തിയത്.
മലബാറിലെ പ്രധാന തീർത്ഥാടന ദേവാലയമായ ചീക്കാട് ഉണ്ണിമിശിഹ പള്ളിയിലേക്ക് പ്രധാന ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ഇതുവഴി വരുന്നത്. റോഡിന്റെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്യാൻ ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു. മൂന്നു മീറ്റർ വീതിയിൽ 25 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് നടത്തിയത്. ഏകദേശം അറുപതിനായിരം രൂപയാണ് ചെലവായത്. കൺവീനർ റോബി പുളിക്കൻ, കമ്മിറ്റി അംഗങ്ങളായ ജോബി പന്തലാനി ,സി.കെ. രാജേഷ് , സന്തോഷ് തെക്കേടം, എന്നിവരാണ് നേതൃത്വം നൽകിയത്.