ഇരിട്ടി താലൂക്ക് അദാലത്തിൽ 146 പരാതികൾ തീർപ്പാക്കി
1487881
Tuesday, December 17, 2024 7:18 AM IST
ഇരിട്ടി: തന്തോട് സെന്റ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന 'കരുതലും കൈത്താങ്ങും' ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ഒ.ആർ. കേളു എന്നിവർ 146 പരാതികൾ തീർപ്പാക്കി. ആറു വരെ ഓൺലൈനായും നേരിട്ടും 208 പരാതികളാണ് ലഭിച്ചത്. 230 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 438. അദാലത്തിൽ 34 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. അദാലത്തിന് മന്ത്രിമാർക്ക് പുറമെ എംഎൽഎമാരായ കെ.കെ. ശൈലജ, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്ര കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ഇതോടെ ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് സമാപനമായി.
അദാലത്തിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുമ്പോൾ മാത്രമേ അദാലത്തിൽ എത്തിയവർക്ക് നീതി ലഭിക്കൂവെന്ന് സമാപന ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന ജനകീയ പരിപാടിയാണ് താലൂക്ക് അദാലത്തെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻപറഞ്ഞു.
മലയോര ഹൈവേയിൽ വള്ളിത്തോട്-അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ. എൽ പി സ്കൂളിന്റെ സ്ഥലം റോഡ് വികസനത്തിനായി വിട്ടു നല്കണമെന്ന് മന്ത്രി ഒ .ആർ. കേളു സ്കൂൾ അധികൃതരോട് നിർദേശിച്ചു. മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് ഭൂമി വിട്ടു നല്കുന്നതിന് സ്കൂൾ അധികൃതർ തടസം നിൽക്കുകയാണെന്ന അങ്ങാടിക്കടവ് സ്വദേശി സി.ടി. കുര്യന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദേശം.
കാഞ്ഞിരപ്പുഴയോട് ചേർന്നുള്ള പുരയിടത്തിന്റെ അതിര് ഇടിഞ്ഞുതാഴുന്നതിനാൽ വീട് അപകടാവസ്ഥയിലാണെന്ന പേരാവൂർ തോണ്ടിയിൽ സ്വദേശി ബിന്ദുവിന്റെ പരാതിക്ക് കരുതലും കൈത്താങ്ങും ഇരിട്ടി താലൂക്ക് തല അദാലത്തിൽ പരിഹാരം. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് മതിൽ കെട്ടി നൽകാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ആറളം ചെടിക്കളം സ്വദേശി എം.എം സിറിയക്കിന് കർഷക പെൻഷൻ കുടിശിക അനുവദിക്കുന്നതിന് തീരുമാനമായി. ആധാർ ഡ്യൂപ്ലിക്കേഷൻ കാരണമാണ് പെൻഷൻ മുടങ്ങിയതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ മറുപടി നൽകിയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിഷയം പരിഹരിക്കണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
കീഴൂർ വില്ലേജിലെ പുന്നാട് സ്വദേശിനി ജലജയുടെ വീടിന് സമീപമുള്ള ഡ്രൈയ്നേജ് നീക്കി നിർമിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാൻ പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറോട് മന്ത്രി ഒ.ആർ. കേളു ഉത്തരവിട്ടു.
ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ വെമ്പുഴയുടെ അരിക് കെട്ടി സംരക്ഷിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ പദ്ധതി തയാറാക്കി നടപ്പിലാക്കാൻ മന്ത്രി ഒ.ആർ. കേളു ആറളം പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദാലത്തിൽ എടൂർ പായം സ്വദേശി ടി.പി. ജോർജ് നൽകിയ അപേക്ഷയിലാണ് മന്ത്രിയുടെ നടപടി.
മുഴക്കുന്ന് പാലയിൽ നിന്നും 1997 ൽ കുടിയൊഴിക്കപ്പെട്ട് പടിയൂരിൽ ഭൂമി അനുവദിച്ച 22 കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ ഇരിട്ടി താലുക്ക് തല അദാലത്തിൽ തഹസിൽദാർക്ക് മന്ത്രി ഒ.ആർ. കേളു നിർദേശം നൽകി. ഭൂ നികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് കെ.എൻ. ശങ്കരൻ നൽകിയ പരാതിയിലാണ് തീരുമാനം.
വനത്തിനോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ സ്വദേശി ജോയ് കരിന്തോളിന്റെ ഭൂമി ഏറ്റെടുക്കുന്നത് പരിശോധിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻകണ്ണൂർ ഡിഎഫ്ഒ യെ ചുമതലപ്പെടുത്തി. വനം വകുപ്പിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണത്തിൽ ഉൾപ്പെടുത്തി സ്ഥലം ഏറ്റെടുക്കാൻ കഴിയുമോയെന്നു പരിശോധിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.