കർഷകർക്ക് ആശ്വാസമായി നേന്ത്രൻ വില മുന്നോട്ട്
1488615
Friday, December 20, 2024 7:04 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: നാളികേരത്തിന് പിന്നാലെ നേന്ത്രപ്പഴത്തിനും വില ഉയർന്നതോടെ കർഷകർ ആശ്വാസത്തിൽ. മാസങ്ങൾക്കുമുമ്പ് നാടൻ കുലയ്ക്ക് കിലോക്ക് 30 -35 രൂപ ലഭിച്ച സ്ഥാനത്ത് കർഷകർക്കിപ്പോൾ 60 -70 രൂപ വരെയാണ് വില ലഭിക്കുന്നത്. ഇരട്ടിയോളമാണ് വില വർധന. കച്ചവടക്കാർ കിലോക്ക് 85 -95 രൂപ നിരക്കിലാണ് നേന്ത്രപ്പഴം വില്ക്കുന്നത്. നാടൻ നേന്ത്രപ്പഴത്തിന് ഇപ്പോൾ 100 രൂപ വരെ വാങ്ങുന്ന സ്ഥലവുമുണ്ട്.
ഏറെക്കാലത്തിനിടെയാണ് വാഴക്കർഷകർക്ക് ആശ്വാസവില ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലയ്ക്ക് കിലോക്ക് 72 രൂപവരെയാണ് മൊത്ത വില. ഇതു കടക്കാർ 80-85 രൂപക്കാണിപ്പോൾ ചില്ലറ വില്പന നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഇതര സംസ്ഥാന കുലകൾ മൂന്നു കിലോ നൂറുരൂപയ്ക്കുവരെ വില്പന നടത്തിയിരുന്നു. മൈസൂർ പഴത്തിന് 35-40ഉം, ആണിപ്പൂവന് 40 -50ഉം, റോബസ്റ്റയ്ക്ക് 35 -40 രൂപയുമാണ് നിലവിൽ ചെറുകിട കച്ചവടക്കാരുടെ ശരാശരി വില്പന വില.
പച്ചതേങ്ങക്ക് ഇന്നലെ കരുവഞ്ചാലിൽ 53 രൂപയ്ക്കാണ് കർഷകരിൽനിന്ന് വാങ്ങിയത്. ജില്ലയിലെ കൂടിയ വില അവിടെയാണ് നടന്നത്. ജില്ലയിൽ ശരാശരി 50 രൂപയ്ക്കാണ് മാർക്കറ്റ് അവസാനിച്ചത്. വില അമ്പതു രൂപയോളമായി ഉയർന്നപ്പോൾ തേങ്ങ ആവശ്യത്തിന് കിട്ടാനില്ലെന്നപോലെ വാഴക്കുലയ്ക്ക് വിലകൂടിയപ്പോൾ വിളവ് വേണ്ടത്രയില്ലെന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേന്ത്രക്കുല പൊതുവെ 15 കിലോക്ക് മുകളിൽവരെ തൂക്കമുണ്ടാകാറുണ്ടെങ്കിൽ ഇപ്പോൾ വിളവെടുക്കുന്ന കർഷകരിൽ പലർക്കും ചെറിയ കുലകളാണ് വിളഞ്ഞത്. മിക്കയിടത്തും എട്ട് -12 കിലോ വരെയാണ് ശരാശരി തൂക്കം.
മൂന്നുമാസംമുമ്പ് ജില്ലയിലെ വാഴയിലാകെ പുഴക്കൾ പ്രത്യക്ഷപ്പെടുകയും ഇലകളാകെ നശിക്കുകയും ചെയ്തിരുന്നു. ഇത് വാഴയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. പുഴുശല്യത്താലുള്ള വളർച്ചക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ് വാഴക്കുലകളുടെ തൂക്കം കുറയാൻ കാരണമായി കർഷകർ പറയുന്നത്. ഇതരസംസ്ഥാനങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കനത്ത മഴയും കാറ്റും വാഴക്കൃഷി നശിക്കാൻ കാരണമായതായി പറയുന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നും 100 കടക്കുമെന്നും മൊത്ത വ്യാപാരികൾ പറയുന്നു.