തമിഴ്നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ് : പ്രതികൾക്ക് 23 വർഷം കഠിനതടവും പിഴയും
1488424
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരയ്ക്കു സമീപം ചാലക്കുന്നിലെ ക്വാർട്ടേഴ്സിൽ വച്ച് തമിഴ്നാട് സ്വദേശിനിയായ 32 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയടക്കം മൂന്നു പേർക്ക് തടവും പിഴയും.
സേലം സ്വദേശി എം. മലർ, നീലേശ്വരം സ്വദേശി പി. വിജേഷ്, മലപ്പുറം സ്വദേശി എം. മുസ്തഫ എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എം.ടി. ജലജാറാണി 23 വർഷം കഠിന തടവിനും 23,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2022 ജൂൺ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നാം പ്രതിയായ മലരിന്റെ ഒത്താശയോടെ വിജേഷും മുസ്തഫയും യുവതിയെ ബലാത്സംഗം ചെയ്യുകയും ഒന്നും രണ്ടും പ്രതികൾ മർദിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
മലരിന്റെ കൂടെ കൂലിവേല ചെയ്യുന്നതിനായി പോയ അതിജീവിതയെ ബന്ധുവായ ഒന്നാം പ്രതി ചാലക്കുന്നിലെ വാടകവീട്ടിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജ്യൂസ് കുടിപ്പിക്കുകയായിരുന്നു. പിന്നീട് മയക്കത്തിലായ അതിജീവിതയെ മറ്റു രണ്ടു പ്രതികൾ ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. പ്രതികളായ ഇരുവരും അമിതമായി മദ്യപിച്ചതായും പറയുന്നു.
ജോലി ആവശ്യാർഥമാണ് തമിഴ്നാട് സ്വദേശിയായ 32 കാരി കണ്ണൂരിലെത്തിയത്. കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ടി.കെ. രത്നകുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതാകുമാരി ഹാജരായി.