എടൂർ പള്ളിയിൽ വിപുലമായ ആധ്യാത്മിക നവീകരണ പദ്ധതികൾ നടപ്പാക്കും
1488609
Friday, December 20, 2024 7:03 AM IST
എടൂർ: ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്തിയ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിപുലമായ അധ്യാത്മിക - നവീകരണ പദ്ധതികൾ നടപ്പാക്കാൻ ഇടവകയുടെ പ്രത്യേക പൊതുയോഗം തീരുമാനിച്ചു. പ്രഖ്യാപനത്തോടെ "എടൂരമ്മയുടെ" മധ്യസ്ഥാനുഗ്രഹം തേടി കൂടുതൽ തീർഥാടകർ എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. വിശ്വാസികൾക്കായി കൂടുതൽ തിരുക്കർമങ്ങൾ ഏർപ്പെടുത്തും.
ആധ്യാത്മിക മേഖലയിലും ഭൗതിക മേഖലയിലുമായി നടപ്പാക്കാവുന്ന സമഗ്ര പദ്ധതിക്കാണ് പൊതുയോഗം രൂപം കൊടുത്തത്.
ഇതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെയും വൈകുന്നേരവും വിശുദ്ധ ബലിയും നൊവേനയും ജപമാലയും ഏർപ്പെടുത്തും. കുമ്പസാരത്തിന് സൗകര്യം ഉണ്ടാകും. മാസത്തിൽ ഒരു ശനിയാഴ്ച മരിയൻസന്ധ്യ നടത്തും. രണ്ടുവർഷം കൂടുമ്പോൾ മലബാർതല മരിയൻ കൺവൻഷൻ നടത്തും. തീർഥാടകർക്കായി പൂമാല, മെഴുകുതിരി നേർച്ച ഏർപ്പെടുത്തും. എല്ലാ വർഷവും വിവിധ പള്ളികളിൽ നിന്നു എടൂരിലേക്ക് എത്തുന്ന വിധം തീർഥാടന യാത്രകൾ സംഘടിപ്പിക്കും.
"എടൂരമ്മ' പുസ്തകം പരിഷ്കരിക്കും. വിശ്വാസികൾക്ക് നല്കാൻ പറ്റുന്ന വിധം എടൂരമ്മയുടെ വിവിധ വലുപ്പത്തിലുള്ള പ്രതിമകൾ, രൂപങ്ങൾ എന്നിവ ക്രമീകരിക്കും. കവാടം, അനുതാപ ഭവൻ, തീർഥാടക ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ, പള്ളി പരിസരത്ത് മൂന്ന് ഇടങ്ങളിൽ കൂടി പാർക്കിംഗ് സൗകര്യം, മിനി മ്യൂസിയം, ഗ്രോട്ടോ നവീകരണം, എടൂരമ്മയുടെ വലിയ സ്റ്റാച്യു, നിത്യാരാധന ചാപ്പൽ, പള്ളി നവീകരണം, മരിയൻ മ്യൂസിയം, മരിയൻ അദ്ഭുതങ്ങളുടെയും കുടിയേറ്റത്തിന്റെ കാഴ്ചകൾ എന്നീ നിർമാണങ്ങളും നടത്തും. പ്രവർത്തനങ്ങൾക്കായി രണ്ട് ഉപസമിതികളും രൂപീകരിച്ചു. പൊതുയോഗം എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന പള്ളി വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് പൂകമല, കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ് ചെമ്പോത്തനാടിയിൽ, ഇടവകാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.