മാഹിക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല: പുതുച്ചേരി ലഫ്. ഗവർണർ
1488029
Wednesday, December 18, 2024 6:29 AM IST
മാഹി: അടുത്തിടെയായി പുതുച്ചേരിയുടെ ഭാഗമായ മാഹിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അത് ഉടൻ പരിഹരിക്കുമെന്നും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസ് നാഥൻ. പൂർത്തീകരിക്കാതെ കിടക്കുന്ന പദ്ധതികൾ എത്രയും വേഗം പണി തീർക്കുമെന്നും ലഫ്. ഗവർണർ പറഞ്ഞു.
മാഹി ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച 10 കിടക്കകളോടു കൂടിയ ഐസിയു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. 40 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐസി യൂണിറ്റ് നിർമിച്ചത്. രമേശ് പറമ്പത്ത് എംഎൽഎ, റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മുനിസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ്, പോലീസ് സൂപ്രണ്ട് ജി. ശരവണൻ, മാഹി ഗവ. ആശുപത്രി ഡയറക്ടർ ഡോ. വി. രവിചന്ദ്രൻ, ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. സൈബുന്നിസ ബീഗം, ഡോ. ശ്രീജിത്ത് സുകുമാർ, ഡോ. പി.പി. ബിജു, ഡോ. പുഷ്പ ദിൻരാജ്, ഡോ. കെ.വി. പവിത്രൻ, പി.പി. രാജേഷ് എന്നിവർ പങ്കെടുത്തു. പുതുതായി അർഹരായ വാർധക്യ- വിധവാ പെൻഷൻ ഗവർണർ വിതരണം ചെയ്തു.