വയനാട്-കരിന്തളം 400 കെവി പദ്ധതി: നഷ്ടപരിഹാര പാക്കേജിൽ തീരുമാനമായില്ല
1488035
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: മലബാർ മേഖലയുടെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണേണ്ട വയനാട് കരിന്തളം 400 കെവി പദ്ധതി കർഷക നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ അനന്തമായി നീളുന്നു. 2016 ൽ സർവേ നടപടികൾ പൂർത്തിയാക്കിയ പദ്ധതിയാണ് 2024 അവസാനിച്ചിട്ടും എങ്ങുമെത്താത്തതെ തുടരുന്നത്. 500 കോടി ആയിരുന്ന പദ്ധതിയുടെ അടങ്കൽ തുക 911 കോടിയി ലേക്ക് ഉയർത്തിയതല്ലാതെ കാര്യമായ പുരോഗതികൾ ഒന്നും നടന്നില്ല . കേരളത്തിൽ വൈദ്യുതി ക്ഷാമവും വിലവർധനവും വലിയ വെല്ലുവിളി തീർക്കുമ്പോഴാണ് പദ്ധതി എങ്ങുമെത്താതെ കിടക്കുന്നത്.
കർഷകർ ആശങ്കയിൽ
കൃഷി ഭൂമിയിൽ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി അധികൃതർ കല്ലുകൾ സ്ഥാപിച്ചതോടെ കർഷകരും കടുത്ത ആശങ്കയിലാണ്. ലൈൻ കടന്നുപോകുന്ന പ്രദേശത്തിന് സമീപത്തുപോലും വസ്തു വ്യാപാരമടക്കം നിലച്ചിരിക്കുകയാണ്. സെന്റിന് ലക്ഷങ്ങൾ വിലയുണ്ടായിരുന്ന സ്ഥലങ്ങൾ പോലും വാങ്ങാനാളില്ലാതായതോടെ കർഷകർ മറ്റൊരു കുടിയിറക്ക് ഭീഷണിയിലാണ്. എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് കെഎസ്ഇബി പറയുമ്പോഴും കർഷകർ ആവശ്യ പ്പെടുന്നത് നഷ്ടപെടുന്ന ഭൂമിയുടെ ന്യയമായ നഷ്ടപരിഹാരം മാത്രമാണ്. ഭൂവില സംബന്ധിച്ചുള്ള ചർക്കകൾ രണ്ടുമാസത്തിലേറെ പിന്നിട്ടുവെങ്കിലും നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല.
കെഎസ്ഇബി പ്രഖ്യാപിച്ച കർണാടക മോഡൽ നഷ്ടപരിഹാര പാക്കേജ് മാത്രമാണ് നാളിതവരേയുള്ള ചർച്ചയിലെ ഏക പുരോഗതി . പ്രശ്നപരിഹാരം വൈകുന്ന സാഹചര്യത്തിൽ പ്രത്യക്ഷ സമരപരിപാടിയെക്കുറിച്ച് ആലോചിക്കുമെന്നാണ് സംയുകത സമരസമിതി നേതാക്കൾ പറയുന്നത്.