വനനിയമ ഭേദഗതി മനുഷ്യാവകാശ ലംഘനം: ഇൻഫാം
1488427
Thursday, December 19, 2024 7:56 AM IST
പയ്യാവൂർ: മലയോര മേഖലയിൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങിൽ വസിക്കുന്ന നിരവധി പാവപ്പെട്ട കർഷകരെ പീഡിപ്പിക്കാനും ചൂഷണത്തിനും അഴിമതിക്കും ഉദ്യോഗസ്ഥർക്ക് സഹായകര മാകും വിധം വനനിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ജനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഇതിലിടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന നിലപാട് സ്വീകരിക്കാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി ആവശ്യപ്പെട്ടു. ഇൻഫാം കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
സംശയത്തിന്റെ മറവിൽ സ്വകാര്യമായി മർദിക്കുകയും കുറ്റം സമ്മതിപ്പിക്കുകയും ചെയ്യുന്ന കിരാത നിയമങ്ങൾ ചർച്ച ചെയ്യപ്പെടണം. കാലഘട്ടത്തിനനുസരിച്ച് പൗരൻമാരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.
ഈ കരിനിയമത്തിനെതിരേ ശക്തമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രതിഷേധ സമ്മേളനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. ശ്രീകണ്ഠപുരം പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ ഇൻഫാം കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴിയിൽ അധ്യക്ഷത വഹിച്ചു. ഇൻഫാം തലശേരി അതിരൂപത ഡയറക്ടർ റവ. ഡോ. ലൂക്കോസ് മാടശേരി വിഷയാവതരണം നടത്തി. സണ്ണി തുണ്ടത്തിൽ, ടോമി നടുവിൽ, ഷാജി തെക്കേക്കര, ജോസ് തോണിയ്ക്കൽ, ലാലിച്ചൻ കുഴിയാത്ത്, ടോമി കീഴ്പ്പള്ളി എന്നിവർ പ്രസംഗിച്ചു.