അപകടത്തിൽപ്പെട്ട കാറിൽ എംഡിഎംഎ: രണ്ടുപേർ അറസ്റ്റിൽ
1488426
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാടാച്ചിറ സ്വദേശി ഷിഹാബ്, കണ്ണൂർ സ്വദേശി നിഹാദ് എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പുതിയതെരുവിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രതികൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽനിന്ന് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ സിസിടിവിയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരെയും അവരുടെ വീടിന്റെ പരിസരത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. കാറിൽനിന്ന് ലഭിച്ച മയക്കുമരുന്ന് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.
അപകട സമയത്ത് ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാകാം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായ നിഹാദ് കാപ്പാ കേസ് പ്രതിയാണ്. ഇയാളുടെ പേരിൽ ലഹരി മരുന്ന് കേസുൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.