ഫാ. ജോർജ് എളൂക്കുന്നേൽ സുവർണ ജൂബിലി നിറവിൽ
1488039
Wednesday, December 18, 2024 6:29 AM IST
വിമലശേരി: വിമലശേരി സെന്റ് മേരിസ് ഇടവകാംഗം ഫാ. ജോർജ് എളൂക്കുന്നേലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. സെന്റ് മേരിസ് പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാനയോടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ തുടക്കം.
തലശേരി അതിരൂപതയിലെ വൈദികനായ ഫാ.ജോർജ് എളൂക്കുന്നേൽ മാലോം, പൂവരംതോട്, മുളൂര്, വെളിമാനം, പൈസക്കരി, മുളപ്ര, കൊണ്ടോട്ടി, പൊയിനാച്ചി, ആയന്നൂർ, ചെറുപുഴ, പടന്നക്കാട്, കാഞ്ഞങ്ങാട്, മണിക്കടവ് തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്, ഇപ്പോൾ വെമ്പുവ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു. 2015 മുതൽ 19 വരെ കാസർഗോഡ് റീജൺ വികാരി ജനറാളായും സേവനം ചെയ്തു.
ഈ കാലഘട്ടത്തിൽ കാസർഗോഡ് ജില്ലയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും കാർഷിക മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്തു. മുളപ്ര, കാഞ്ഞങ്ങാട്, ആയന്നൂർ തുടങ്ങി വിവിധ ഇടവകകളിൽ പള്ളികൾ പണിയുന്നതിനും നേതൃത്വം നല്കിയിട്ടുണ്ട്.
വിമലശേരി ഇടവകയിലെ പരേതരായ ഡൊമിനിക് - ക്ലാരമ്മ ദമ്പതികളുടെ മൂത്തമകനാണ് ഫാ. ജോർജ്. സഹോദരൻ ഫാ.ജോസഫ് യുഎസ്എയിൽ പള്ളോട്ടൈൻ സഭ വൈദികനായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് സഹോദരങ്ങൾ അപ്പച്ചൻ, സാബു, തങ്കച്ചൻ, കുഞ്ഞൂഞ്ഞമ്മ, സെബാസ്റ്റ്യൻ.