റബർ കർഷകരുടെ പ്രതിസന്ധി ഉടൻ പരിഹരിക്കണം: കത്തോലിക്ക കോൺഗ്രസ്
1488425
Thursday, December 19, 2024 7:56 AM IST
പയ്യാവൂർ: റബർ കൃഷിക്കാരുടെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ റബർ ബോർഡ് അധികാരികൾക്ക് നിവേദനം നൽകി. ഇപ്പോഴത്തെ അന്താരാഷ്ട്ര വിപണി വില പ്രകാരം റബർ കിലോഗ്രാമിന് 250 രൂപയിൽ കൂടുതൽ വില കേരളത്തിലെ കർഷകർക്ക് ലഭിക്കേണ്ടതാണ്. റബർ വ്യവസായികളെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടർന്നുവരുന്ന നിലപാടുകളിൽ മാറ്റം വരുത്തി എത്രയും വേഗത്തിൽ റബർ കർഷകർക്ക് ഉയർന്നവില ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഭാരവാഹികൾ ആവശ്യപ്പെട്ടു.
റബർ ബോർഡ് ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്നാണ് റബർ പ്രൊഡക്ഷൻ കമ്മീഷണർ ടി.സിജു, റബർ ബോർഡ് അംഗം എം.പി. രാജീവൻ, ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മീഷണർ എൻ.സാലി എന്നിവടക്കമുള്ള ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിലെ ആവശ്യം. കത്തോലിക്കാ കോൺഗ്രസ് നേതാക്കളായ ഫാ. ജോസഫ് തേനംമാക്കൽ, ബെന്നിച്ചൻ മഠത്തിനകം, മാത്യു വള്ളോംകോട്ട്, ബെന്നി പുതിയാംപുറം, അൽഫോൻസ് കളപ്പുര, ജോർജ് കാനാട്ട്, തോമസ് വർഗീസ്, സാജു ഇടശേരി, മത്തായി കളപ്പുര എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.