ഒറോത ഫെസ്റ്റ്: ചെമ്പേരി മേളയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു
1487874
Tuesday, December 17, 2024 7:18 AM IST
ചെമ്പേരി: ചെമ്പേരിയിലെ കുടിയേറ്റത്തിന്റെയും ചെമ്പേരി ഇടവകയുടെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഒറോത ഫെസ്റ്റ്' ചെമ്പേരി മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഏരുവേശി പഞ്ചായത്ത്, സമീപ തദ്ദേശ സ്ഥാപന മേധാവികൾ, വിവിധ സംഘടനകൾ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകർ, കർഷകർ എന്നിവരടക്കം വിവിധ മേഖലകളിലെ ജനങ്ങളുടെ സഹകരണത്തോടെയുള്ള കാർഷിക, സാംസ്കാരിക വിദ്യാഭ്യാസ, വിനോദ പ്രദർശന മേള ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ ചെമ്പേരിയിൽ നടക്കും. ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ റവ ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ഷാജി വർഗീസ്, സന്ദീപ് അലക്സ് കടൂക്കുന്നേൽ, ആന്റണി മായയിൽ, മധു തൊട്ടിയിൽ, ഫാ. ജോമോൻ ചെമ്പകശേരി എന്നിവർ പ്രസംഗിച്ചു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, മലയോര മേഖലയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ സാമൂഹിക സാംസ്കാരിക പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരടക്കം നിരവധി പേർ പങ്കെടുത്ത യോഗത്തിൽ മേളയുടെ നടത്തിപ്പിനായി 251 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
ചെമ്പേരി ബസ് സ്റ്റാൻഡിന് സമീപത്തെ മൂന്നര ഏക്കർ സ്ഥലത്തായിരിക്കും മേള നടക്കുക. മലയോര കുടിയേറ്റ ഗ്രാമത്തിൽ ആദ്യമായി നടക്കുന്ന ഈ കാർഷിക വിദ്യാഭ്യാസ വിനോദമേളയിൽ മികച്ച കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിള മത്സരം, കർഷകർക്കാവശ്യമായ നൂതന കാർഷികോപകരണങ്ങൾ പരിചയപ്പെടുത്തൽ, മികച്ച കർഷകരെ ആദരിക്കൽ, വിവിധ കാർഷിക സെമിനാറുകൾ, ഫ്ളവർ ഷോ, കന്നുകാലി പ്രദർശനം, ഡോഗ് ഷോ, പെറ്റ് ഷോ, വിത്തുത്സവം, അക്വേറിയം, വിദ്യാഭ്യാസ പ്രദർശനം, വിവിധങ്ങളായ കരിയർ ഗൈഡൻസ് ക്ലാസുകൾ, കാർഷിക- വിദ്യാഭ്യാസ ക്വിസ് മത്സരങ്ങൾ, പ്രമുഖ വാഗ്മികളുടെ സാംസ്കാരിക പ്രഭാഷണങ്ങൾ, വിവിധങ്ങളായ സ്റ്റാളുകൾ സെൽഫി പോയിന്റുകൾ, വാട്ടർ ഫൗണ്ടൻ, ഫുഡ്കോർട്ടുകൾ, കരകൗശല സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമായുണ്ടാകും. കൂടാതെ മേളയിലെത്തുന്നവർക്ക് വിനോദത്തിനായി അമ്യൂസ്മെന്റ് പാർക്കും ഒരുക്കുന്നുണ്ട്.
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി ബസിലിക്കയായി ഉയർത്തപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ തിരുനാൾ ആഘോഷത്തിന് മാറ്റുകൂട്ടുന്ന ഈ മേള ഗംഭീരമാക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഇരുപത്തഞ്ചോളം സബ് കമ്മിറ്റികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.