പയ്യാമ്പലത്തെ ഫ്ലാറ്റ്: മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് കോര്പറേഷന് യോഗം
1488033
Wednesday, December 18, 2024 6:29 AM IST
കണ്ണൂര്‍: പയ്യാമ്പലത്ത് നിയമലംഘനം നടത്തിയ ഫ്ലാറ്റ് പൊളിച്ച് മാറ്റണമെന്ന ആവശ്യത്തില്‍ കണ്ണൂര്‍ കോര്പറേഷന് അടിയന്തര യോഗം ചേര്‍ന്നു. ഫ്ലാറ്റില്‍ 58 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അവര്‍ വഴിയാധാരമാകരുതെന്നും യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ മനുഷ്യത്വ പരമായ നിലപാട് സ്വീകരിക്കണം. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ആവശ്യപ്പെട്ടു.
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് കോര്പറേഷന് കൗണ്‍സിലിന് യാതൊരു അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് അനുമതി പുതുക്കി നല്‍കിയത് കോടതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോര്പറേഷന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കൃത്യമായ പരിശോധന വേണമെന്നും കുടുംബങ്ങള്‍ വഴിയാധാരമാകരുതെന്നും ചര്‍ച്ചക്ക് ശേഷം മേയര്‍ പറഞ്ഞു.
കടലോരത്ത് നിന്ന് 492 മീറ്റര്‍ അകലെയാണ് പയ്യാമ്പലത്തെ സേഫ് ഹോം ഡവലപ്പേഴ്സിന്റെ ഫ്ലാറ്റ് നിര്‍മിച്ചത്. എട്ടു മീറ്ററിന്റെ കുറവാണ് നിയമപ്രകാരമുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് കെ പി രഘുനാഥ് എന്നയാള്‍ കോടതിയെ സമീപിച്ചത്. മരട് മുനിസിപ്പാലിറ്റി കേസിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതില്‍ ഈ മാസം 19ന് മുമ്പായി കോര്പറേഷന് കൗണ്‍സിലിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്ന സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. മീന ജോണ്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ അടിയന്തിര കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തത്.
യോഗത്തില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ പയ്യാമ്പലത്തെ ഫ്ലാറ്റ് പൊളിച്ച് മാറ്റുന്ന കാര്യത്തില്‍ എതിര്‍പ്പറിയിച്ചു. മരട് മാതൃകയില്‍ പൊളിച്ച് മാറ്റേണ്ട ഫ്ലാറ്റല്ല ഇതെന്നു അവര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ നിരവധി വന്‍കിട കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇതിന് അനുമതി നല്കുന്ന കാര്യത്തില്‍ കൗണ്‍സിലിന് യാതൊരു അധികാരവുമില്ല.
നഗരത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോള്‍ കൗണ്‍സിലിന്റെ കൂടി അനുമതി വാങ്ങണമെന്ന നിയമം വേണമെന്നും ഇതുസംബന്ധിച്ച് സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.മേയര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ്ബാബു എളയാവൂര്, അംഗങ്ങളായ ടി.ഒ. മോഹനന്, അഡ്വ പി.കെ. അന്‍വര്‍, കെ.എം. സാബിറ, ടി. രവീന്ദ്രന്, കെ. പ്രദീപന്, വി.കെ. ഷൈജു, കൂക്കിരി രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.