റിക്കാർഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്തിയെന്ന് കണ്ണൂർ സർവകലാശാല
1488617
Friday, December 20, 2024 7:04 AM IST
കണ്ണൂർ: സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ ഫല പ്രഖ്യാപനം റിക്കാർഡ് വേഗത്തിൽ പൂർത്തീകരിച്ച് കണ്ണൂർ സർവകലാശാല എഫ്വൈയുജി ഫലപ്രഖ്യാപനം നടത്തുന്ന കേരളത്തിലെ ആദ്യ സർവകലാശാലയായി.
മറ്റു സർവകലാശാലകളിൽ നിന്നു വ്യത്യസ്തമായി ആദ്യ സെമസ്റ്ററിൽ തന്നെ ഓൺലൈൻ ചോദ്യ ബാങ്കിന്റെ സഹായത്തോടെ പരീക്ഷ പൂർത്തീകരിച്ചു എന്ന പ്രത്യേകതയും കണ്ണൂർ സർവകലാശാലയ്ക്കുണ്ട്. കൂടാതെ കെ-റീപ്പ് എന്ന സമഗ്ര സോഫ്റ്റ്വേർ ഉപയോഗിച്ച് കൊണ്ടു വിദ്യാർഥികളുടെ രജിസ്ട്രേഷൻ, പരീക്ഷ രജിസ്ട്രേഷൻ, വിദ്യാർഥികളുടെ വ്യക്തിഗത ടൈം ടേബിൾ ഉൾപ്പെടുത്തിയുള്ള ഹാൾ ടിക്കറ്റ് വിതരണം, ഇന്റേണൽ, എക്സ്റ്റേണൽ മാർക്ക് എൻട്രി, അധ്യാപകരുടെ കോഴ്സ് മാപ്പിംഗ്, റിസൾട്ട് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ പൂർത്തീകരിച്ചു. സമയ ക്രമത്തിൽ കുറവ് വരുത്താൻ കെ റീപ് ഉപയോഗിച്ചതിലൂടെ സാധിച്ചു. പരീക്ഷകൾ പൂർത്തീക രിച്ചു 12 ദിവസം കൊണ്ടു ഫല പ്രഖ്യാപനം നടത്താൻ സർവകലാശാലക്കു സാധിക്കുകയും ചെയ്തു. പതിവിൽനിന്നു വ്യത്യസ്തമായി കേന്ദ്രീകൃത മൂല്യനിർണയത്തിനു പകരം അതാതു കോളജുകളിൽ തന്നെയാണ് മൂല്യനിർണയം പൂർത്തീകരിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപകനായ ഡോ. മുരളീധരന്റെ നേതൃത്വത്തിൽ തയാറാക്കിയ പരീക്ഷ സോഫ്റ്റ്വേർ ഉപയോഗിച്ചാണ് ഓൺലൈൻ ചോദ്യ ബാങ്കുകൾ തയാറാക്കിയത്.
നാലു വർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ആദ്യ സംരംഭമായിട്ടും വലിയ പരാതികൾ ഇല്ലാതെ കണ്ണൂർ സർവകലാശാല വിജയകരമായി ഫല പ്രഖ്യാപനം പൂർത്തീകരിച്ചുവെന്ന് സർവകലാശാല വിസി ഡോ. കെ.കെ. സാജു പറഞ്ഞു.
ഡിഗ്രി പരീക്ഷാ ഫലം ചോർന്നെന്ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നാല് വർഷ ഡിഗ്രി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ചോർന്നെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. കഴിഞ്ഞദിവസം ഫലം പ്രഖ്യാപിക്കുമെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നെങ്കിലും രാത്രി ഏഴുവരേയും ഫലം പ്രഖ്യാപിച്ചില്ല.
എന്നാൽ ഉച്ചകഴിഞ്ഞ് 3.30 ഓടെ വിദ്യാർഥികളുടെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരീക്ഷാഫലങ്ങൾ പ്രചരിച്ചു തുടങ്ങി. ഗുരുതര പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടനെ പരീക്ഷ കൺട്രോളർ ബി. മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോൾ സർവകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല എന്നായിരുന്നു മറുപടി. എപ്പോൾ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്നും കോളജ് തലത്തിലാണ് മൂല്യനിർണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സർവകലാശാലയാണെന്നും മുഹമ്മദ് ഷമ്മാസിനോട് അന്നേ ദിവസം വൈകുന്നേരം ആറിന് കൺട്രോളർ വ്യക്തമാക്കിയതായി പറയുന്നു.
വിഷയത്തിന്റെ അപകടം മനസിലാക്കിയ സർവകലാശാല അധികൃതർ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഴോടെ തിരക്കിട്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു. വിവാദമായ കെ-റീപ്പ് പദ്ധതിയുടെ പേരിൽ നടക്കുന്ന കച്ചവടത്തിന്റെ ആദ്യത്തെ തെളിവാണ് പരീക്ഷാ ഫലം ചോർന്നതെന്ന് കെഎസ്യു ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും പരീക്ഷ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് എംകെസിഎൽ എന്ന കമ്പനിക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന നൽകിയ കരാറിന്റെ പ്രത്യാഘാതമാണിതെന്നും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പരീക്ഷ നടത്തിപ്പുകൾ അടിമുടി താളം തെറ്റിയിരിക്കുകയാണെന്നും പി. മുഹമ്മദ് ഷമ്മാസ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.