ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയം നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1488421
Thursday, December 19, 2024 7:56 AM IST
കണ്ണൂർ: പരമാവധി സൗജന്യമായി ചികിത്സ നല്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിനു മുന്നിൽ ആരും നിസഹായരായി പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷനായ എം. വിജിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആശുപത്രിയാണ് പരിയാരത്ത് ഒരുങ്ങുന്നത്.
നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് നിർമിക്കുക. പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും. 7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി മുഖ്യാതിഥിയായിരുന്നു. കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, വാർഡ് മെംബർ വി.എ. കോമളവല്ലി, പ്രിൻസിപ്പൽ ഡോ. വി. കെ. സുനിത, ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗംഗാധരൻ, ഡോ. കെ.സി. അജിത് കുമാർ തുടങ്ങിവർ പങ്കെടുത്തു.