ചിമ്മിനിക്ക് തീപിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു
1488042
Wednesday, December 18, 2024 6:29 AM IST
ഇരിട്ടി: എടൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപം വീടിന്റെ ചിമ്മിനിക്ക് തീപിടിച്ച് റബർ ഷീറ്റുകൾ കത്തി നശിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വട്ടക്കുന്നേൽ കുട്ടപ്പന്റെ വീടിന്റെ ചിമ്മിനിയിൽ ഉണക്കാനിട്ട 150 ഓളം റബർ ഷീറ്റുകളാണ് കത്തിനശിച്ചത്. വീടിന്റെ അടുക്കള ഭാഗം ഭാഗികമായി കത്തിനശിച്ചു. ചിമ്മിനിക്കുള്ളിൽ പുക പടരുന്നത് കണ്ട് റബർ തോട്ടത്തിൽ പാലെടുക്കുകയായിരുന്ന കുട്ടപ്പന്റെ ഭാര്യ ബഹളംവച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ നിർമാണ തൊഴിലാളികളും പ്രദേശവാസികളും ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തി തീയണയ്ക്കുകയായിരുന്നു.
അടുക്കളയിലെ അസ്പറ്റോസ് ഷീറ്റ്, പാത്രങ്ങൾ, വയറിംഗ് ഉൾപ്പെടെ കത്തി നശിച്ചു. ചിമ്മിനിക്കുള്ളിൽ ഉണങ്ങാനിട്ട റബർ ഷീറ്റിന് തീപിടിച്ചതാണ് തീ പടരാനുള്ള കാരണം. വീടിന്റെ ചിമ്മിനി ഉൾപ്പെടെ പലസ്ഥലങ്ങളിലും ചുമരിൽ വിള്ളൽ വീണിട്ടുണ്ട്. വീടിന്റെ സെന്റർ ഹാളിലെ പിവിസി റൂഫിംഗും കത്തിനശിച്ചു. ആളുകളെത്തി ഗ്യാസ് സിലിണ്ടർ ഊരി മാറ്റിയത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.