മധുരം പകരാൻ കേക്ക് വിസ്മയം റെഡി
1488612
Friday, December 20, 2024 7:03 AM IST
കണ്ണൂർ: ക്രിസ്മസിനെയും ന്യൂ ഇയറിനേയും വരവേൽക്കാനായി കേക്ക് വിപണി സജീവമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് രുചിയിലും നിറത്തിലും വലിപ്പത്തിലും ആകൃതിയിലും വൈവിധ്യവുമായാണ് ഇത്തവണ കേക്ക് വിപണി സജീവമായത്. പ്ലം കേക്കുകൾക്കാണ് ആവശ്യക്കാർ ഏറെ.
ക്രീം കേക്കുകളിൽ വാനില ബട്ടർ കേക്കും വാനില ഫ്രഷ്, കൂടാതെ വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്ട്രോബറി, ബട്ടർസ്കോച്ച്, ഓറഞ്ച്, ബ്ലാക്ക് -വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ രുചികളിലുള്ള കേക്കുകളും ലഭ്യമാണ്. മിക്സഡ് ഫ്ലേവറിന് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. ഡ്രൈഫ്രൂട്ട് മാജിക്ക്, ചോക്ലേറ്റ് വിക്ടോറിയ, ചോക്ലേറ്റ് കാറമല്, മില്‍ക്കി പിസ്താച്യൂ എന്നിങ്ങനെ വ്യത്യസ്ത തരം കേക്കുകൾ വിപണിയില്‍ ലഭ്യമാണ്.
ഓർഡറുകൾക്കനുസരിച്ച് ക്രിസ്മസ് ട്രീയുടെയും സാന്താ ക്ലോസ്, റെഡ് ആൻഡ് വൈറ്റ് കോന്പിനേഷനിലുള്ള കേക്കുകളും കടകളിൽ ചെയ്തു നൽകുന്നുണ്ട്. 800 രൂപ മുതലാണ് ക്രീം കേക്കുകളുടെ വില തുടങ്ങുന്നത്. 160 രൂപ മുതലാണ് പ്ലം കേക്കിന് വില. ഹോം ബേക്കേഴ്സിനും തിരക്കേറിയിട്ടുണ്ട്.