കമുക് ഗ്രാമം പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം
1488028
Wednesday, December 18, 2024 6:29 AM IST
പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കമുക് ഗ്രാമം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കും, കൃഷി ഓഫീസർക്കും പരാതി നല്കി. കമുക് ഗ്രാമം പദ്ധതിയിൽ 30 രൂപ വില നിശ്ചയിച്ചാണ് കർഷകർക്ക് കമുകിൻ തൈകൾ വിതരണം ചെയ്തത്. ഇതിന്റെ 75 ശതമാനം സബ്സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ഇതനുസരിച്ച് ഒരു തൈക്ക് 7 രൂപ 50 പൈസ പ്രകാരം കർഷകരിൽ നിന്ന് ഗുണഭോക്തൃ വിഹിതമായി പഞ്ചായത്ത് ഈടാക്കിയിരുന്നു. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്ക് പ്രകാരം ഇത് വളരെ കൂടുതലാണ് എന്നാണ് പ്രതിപക്ഷ മെംബർമാരുടെ ആരോപണം.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിശ്ചയിച്ച നിരക്ക് പ്രകാരം അത്യുൽപാദനശേഷിയുള്ള രത്നഗിരി, മോഹിത് നഗർ തുടങ്ങിയ ഇനങ്ങൾക്ക് മാത്രമാണ് 30 രൂപ വിലയുള്ളത്. എന്നാൽ പയ്യാവൂരിൽ വിതരണം ചെയ്തത് കാസർഗോഡൻ, മംഗള ഇനത്തിൽപ്പെട്ട കമുകിൻ തൈകളാണ്. ഇതിന് 12 രൂപ മാത്രമേ വിലയുള്ളു എന്നിരിക്കെ വൻ തുക നൽകി കമുകിൻ തൈകൾ വാങ്ങിയതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.
കാർഷിക കർമസേനയ്ക്കായിരുന്നു തൈകൾ ഉത്പാദിപ്പി ക്കാനുള്ള ചുമതല നൽകിയിരുന്നത്. ഇവർ ഉത്പാദിപ്പിച്ച 25,000 കമുകിൻ തൈകൾ രണ്ടുമാസം മുൻപ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. സിപിഎം മെംബർമാരും നേതാക്കളും പ്രവർത്തകരും ഭാരവാഹികളായ കാർഷിക കർമസേനയ്ക്ക് ഒരു തൈയുടെ വിലയായി 18 രൂപ അധികം നൽകി തൈ വാങ്ങിയതിനു പിന്നിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഉൾപ്പെടെ ഗൂഢാലോചനയും ഇടപെടലും ഉണ്ടെന്നാണ് യുഡിഎഫ് ജനപ്രതിനിധികൾ ആരോപിക്കുന്നത്.
കാസർഗോഡൻ, മംഗള ഇനങ്ങളിൽ പെട്ട തൈകൾ15 രൂപയ്ക്ക് സ്വകാര്യ നഴ്സറികളിൽ സുലഭമായി ലഭിക്കുന്ന സാഹചര്യത്തിലാണ് അധികം വില നൽകി പഞ്ചായത്ത് തൈകൾ ഉത്പാദിപ്പിച്ച് വാങ്ങി നൽകിയത്. സർക്കാർ നിരക്ക് പ്രകാരം മൂന്ന് ലക്ഷം രൂപയ്ക്ക് ലഭ്യമാകേണ്ട 25,000 തൈകൾ ഏഴര ലക്ഷം രൂപ നൽകിയാണ് വാങ്ങുന്നതെന്നും ഇതിലൂടെ പഞ്ചായത്തിന് നാലര ലക്ഷം രൂപയുടെ നഷ്ടവും കർഷകർക്ക് ഒരു തൈ മൂന്നു രൂപയ്ക്ക് ലഭ്യമാവേണ്ടത് 7.50 രൂപ നൽകേണ്ട സാഹചര്യവുമാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചനയും ക്രമക്കേടും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പഞ്ചായത്ത് മെംബർമാരായ ഫിലിപ് പാത്തിയ്ക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, ആനീസ് ജോസഫ്, ടി.പി. അഷ്റഫ്, ജിത്തു തോമസ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവരാണ് പരാതി നല്കിയിട്ടുള്ളത്.