ഗ്ലോറിയെ നുവേൽ: ക്രിസ്മസ് സന്ദേശറാലിയും മെഗാ ക്രിസ്മസ് ആഘോഷവും 22ന്
1488027
Wednesday, December 18, 2024 6:29 AM IST
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി കെസിവൈഎം, ശ്രീകണ്ഠപുരം വൈഎംസിഎ, മടമ്പം വൈഎംസിഎ, ചെമ്പന്തൊട്ടി ഫൊറോന, മടമ്പം ഫൊറോന, കോട്ടൂർ സെന്റ് തോമസ് ആശ്രമം, ശ്രീകണ്ഠപുരം ഇൻഫന്റ് ജീസസ് പള്ളി, കോട്ടൂർ സെന്റ് തോമസ് പള്ളി, പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശയാത്രയും മെഗാ ക്രിസ്മസ് ആഘോഷവും 'ഗ്ലോറിയെ നുവേൽ' 22ന് വൈകുന്നേരം 5.30 മുതൽ ശ്രീകണ്ഠപുരത്ത് നടക്കും. വൈകുന്നേരം 5.30ന് ശ്രീകണ്ഠപുരം ഉണ്ണിമിശിഹാ തീർഥാടന പള്ളിയിൽ നിന്നാരംഭിക്കുന്ന ക്രിസ്മസ് സന്ദേശറാലി ശ്രീകണ്ഠപുരം ടൗൺസ്ക്വയറിൽ സമാപിക്കും. ക്രിസ്മസ് സന്ദേശം വിളിച്ചോതുന്ന പ്ലോട്ടുകളും 500 ഓളം ക്രിസ്മസ് പാപ്പാ വേഷധാരികളും റാലിക്ക് മിഴിവേകും.
റാലിയെ തുടർന്ന് ടൗൺ സ്ക്വയറിൽ ഫാ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്ടി ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കെസിവൈഎം, വൈഎംസിഎ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കുന്ന കലാസന്ധ്യയും അരങ്ങേറും. പരിപാടിയുടെ പ്രചാരണാർഥം 20ന് കോട്ടൂർ ഐടിഐയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലിയും ഫ്ലാഷ് മോബും അരങ്ങേറും.
പ്രോഗ്രാം കൺവീനർ ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, കോട്ടൂർ ആശ്രമം സുപ്പിരിയർ ഫാ. ജോൺ കൊച്ചുപുരയ്ക്കൽ സിഎസ്ടി, കോട്ടൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോബി ഇടത്തിനാൽ സിഎസ്ടി,കോട്ടൂർ പ്രൈവറ്റ് ഐടിഐ ഡയറക്ടർ ഫാ. ജോഫിൻ തോമസ് സിഎസ്ടി, വൈഎംസിഎ പ്രസിഡന്റ് ബേബിച്ചൻ ജേക്കബ്, ചെമ്പന്തൊട്ടി കെസിവൈഎം പ്രസിഡന്റ് എബിൻ ഐസക്, വൈഎംസിഎ സെക്രട്ടറി റെജി കാര്യയാങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.