പൂക്കുണ്ടിലെ ഡിജിറ്റൽ റീ സർവേ; വിശദീകരണവുമായി സർവേ വകുപ്പ്
1488034
Wednesday, December 18, 2024 6:29 AM IST
കേളകം: ആറളം, കേളകം വില്ലേജുകളിലെ ഡിജിറ്റൽ സർവേ ശരിയായ രീതിയിലാണ് നടക്കുന്നുന്നതെന്നും ഭൂവുടമകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അറിയിച്ചു. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലും ഡിജിറ്റൽ സർവേ നടപടികൾ മനസിലാക്കാതേയുമാണെന്ന് അദേഹം പറഞ്ഞു. കർഷക പ്രതിഷേധത്തെ തുടർന്ന് റീ സർവേ നിർത്തി വച്ച് 20 ദിവസത്തിനു ശേഷമാണ് സർവേ വകുപ്പു തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
രണ്ടു വില്ലേജുകളുടെ പൊതു അതിർത്തിയായി പുഴ വരുമ്പോൾ ഏത് വില്ലേജിലാണോ സർവേ ആദ്യം ആരംഭിക്കുന്നത് ആ വില്ലേജിലെ സർവേ ടീം പുഴയുടെ രണ്ട് കരയും അതാത് വില്ലേജുകളിൽ നിലവിലുള്ള റിക്കാർഡുകൾ പ്രകാരം പുനർനിർണയം നടത്തുന്നതാണ് രീതി. ഇപ്രകാരം കംപ്യൂട്ടറിൽ കിട്ടുന്ന മൊത്തം പുഴയെ നേർ പകുതിയാക്കി ഭാഗിച്ചു കിട്ടുന്ന പുഴ മധ്യത്തെയാണ് വില്ലേജിന്റെ അതിർത്തിയായി കണക്കാക്കുന്നത്.
പുഴയൊഴികെ ബാക്കി സർവേ നമ്പറിൽപ്പെട്ട ആർക്കും കൈവശ സ്ഥലം നഷ്ടപ്പെടില്ല. ഡിജിറ്റൽ സർവേയുടെ വിവിധ ഘട്ടങ്ങളിൽ ഭൂവുടമകളുടെ പരാതി പരിഹരിക്കാനുള്ള സംവിധാന മുണ്ട്. എല്ലാ പരാതികളും പരിഹരിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം നടത്തുകയുള്ളൂ. വിജ്ഞാ പനത്തിനുശേഷവും പരാതി നല്കാൻ താലൂക്ക് ഓഫീസിൽ സംവിധാനമുണ്ടെന്നും അറിയിച്ചു. ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനമാണ് ഡിജിറ്റൽ സർവേ. വസ്തുതകൾ ശരിയായ രീതിയിൽ മനസിലാക്കാതെ സർവേ നടപടികളെ മൊത്തത്തിൽ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും കാര്യങ്ങൾ മനസിലാക്കി ഡിജിറ്റൽ സർവേയുമായി പൊതുജനങ്ങൾ സഹകരിക്കണ മെന്നും അസി. ഡയറക്ടർ ആവശ്യപ്പെട്ടു.