വയോജനങ്ങൾക്ക് രാജ്യം അംഗീകാരത്തിനോടൊപ്പം ആനുകൂല്യങ്ങളും നൽകണമെന്ന്
1465020
Wednesday, October 30, 2024 5:53 AM IST
ചെമ്പേരി: വയോജനങ്ങളെ രാജ്യം അംഗീകരിച്ച് ആദരിക്കുന്നതോടൊപ്പം അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും നൽകണമെന്ന് ചെമ്പേരി ലുർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ഇരിക്കൂർ ബ്ലോക്ക് സംഘടനാ ശാക്തീകരണ കൺവൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും ഉന്നത വിദ്യാഭ്യാസം നേടുന്ന യുവജനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ നാട്ടിലെ വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് നാടിനും ജനസമുഹത്തിന്നും വേണ്ടിയുള്ള സേവകരായി അവരെ മാറ്റണമെന്നും റവ.ഡോ. കാഞ്ഞിരക്കാട്ട് പറഞ്ഞു.
വയോജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ ധനസഹായം സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് അനുവദിച്ചു തരുന്നില്ലെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ചൂണ്ടിക്കാട്ടി.
കെഎസ്സിഎഫ് ഇരിക്കൂർ ബ്ലോക്ക് ചെയർമാൻ ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കെഎസ് സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, സംസ്ഥാന കമ്മിറ്റിയംഗം അഗസ്റ്റിൻ കുളത്തൂർ, അബ്ദുൾ അസീസ്, എം.പി. മോഹനൻ, എം.കെ. ബാലകൃഷ്ണൻ, മോഹനൻ മുത്തേടത്ത്, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, എം.ജി. ഗോപാലകൃഷ്ണൻ, മാത്യു ചെരുവിൽ എന്നിവർ പ്രസംഗിച്ചു.