റബർ വിലയിടിവ്; കേന്ദ്ര ഓഫീസുകളിലേക്ക് കർഷക സംഘത്തിന്റെ മാർച്ച് ഇന്ന്
1465014
Wednesday, October 30, 2024 5:53 AM IST
കണ്ണൂർ: റബർ വിലയിടിവിനെതിരേ ഇന്ന് കോട്ടയത്തെ റബർ ബോർഡ് ഓഫീസിനു മുന്നിൽ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്കാർ മാർച്ച് നടത്തും. കുത്തക ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക, സ്വാഭാവിക റബറിന് ആദായകരമായ വില ഉറപ്പാക്കുക, ടയർ കമ്പനികളുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചെന്ന് സെക്രട്ടറി എം. പ്രകാശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി റബർമേഖലയിലുള്ള ഏരിയകളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിൽ പാടിയോട്ടുചാൽ പോസ്റ്റ് ഓഫീസ് പെരിങ്ങോം, റബർ ബോർഡ് ഓഫീസ് ശ്രീകണ്ഠപുരം, ആലക്കോട് പോസ്റ്റ് ഓഫീസ്, ബിഎസ്എസ്എൽ ഓഫീസ് ഉളിക്കൽ, പേരാവൂർ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കാണ് മാർച്ച് നടത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു. പെരിങ്ങോം കേന്ദ്രത്തിൽ പുല്ലായിക്കൊടി ചന്ദ്രൻ, ആലക്കോട് കേന്ദ്രത്തിൽ ടി.എം. ജോഷി, ശ്രീകണ്ഠപുരത്ത് പി. ഗോവിന്ദൻ, ഇരിട്ടിയിൽ എൻ.ആർ. സക്കീന, പേരാവൂരിൽ എം.സി. പവിത്രൻ എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ കാർഷിക വിളയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന റബർ ആകെ കൃഷി ഭൂമിയുടെ 22 ശതമാനത്തോളം വരും. കാർഷികോത്പാദന വരുമാനത്തിന്റെ16 ശതമാനവും റബർ കൃഷിയിലൂടെയാണ്. 12 ലക്ഷത്തോളം റബർ കർഷകരുള്ള കേരളത്തിൽ പ്രതിവർഷം ഒന്പത് ലക്ഷം ടണ്ണോളം റബർ ഉത്പാദിപ്പിക്കുന്നുണ്ട്. പ്രധാന ഉപഭോക്താക്കളായ ടയർ കമ്പനികൾ സ്വാഭാവിക റബറിന്റെ വില കുറയ്ക്കുന്നതിന് നിയമവിരുദ്ധമായി ഇടപെടുന്നു.
രാജ്യത്തെ റബറിന്റെ 90 ശതമാനത്തോളം ഉത്പാദിപ്പിക്കുന്ന കേരളത്തിലെ റബർ കർഷകരാണ് ഈ ദുരന്തം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി. ഗോവിന്ദൻ, എൻ.ആർ. സക്കീന, എം.സി. പവിത്രൻ എന്നിവരും പങ്കെടുത്തു.