കയർ മുറുകി ഗുരുതരമായി പരിക്കേറ്റ പെരുന്പാന്പിന് ചികിത്സ നൽകി
1464871
Tuesday, October 29, 2024 7:16 AM IST
കണ്ണൂർ: കയറുപയോഗിച്ച് കെട്ടിട്ടതിനെ തുടർന്ന് വ്രണമായി മാറി ഗുരുതര പരിക്കുകളോടെ ദുർഗന്ധം വഹിക്കുന്ന നിലയിൽ കണ്ടെത്തിയ പെരുന്പാന്പിന് ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നൽകി. തളിപ്പറന്പ് കുറ്റിയേരി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുന്പാന്പിനെ കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂർമാരായ ശുചീന്ദ്രൻ, മനോജ് മാധവൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു.
ചീഫ് വെറ്ററിനറി സർജൻ ഡോ. പി.കെ. പദ്മരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നൽകിയത്. കഴുത്തിന്റെ ഭാഗത്തായി കയറുകൊണ്ട് കെട്ടിട്ടതിനെ തുടർന്നുണ്ടായ മുറിവു കാരണം ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലായിരുന്നു പെരുന്പാന്പ്. കയറിട്ടുകെട്ടി പിടിച്ച ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.