വിജയ കിരീടങ്ങൾ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി
1464864
Tuesday, October 29, 2024 7:16 AM IST
തളിപ്പറമ്പ്: ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽവച്ച് നടത്തപ്പെടുന്ന കേരള സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കാൻ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തയാറാക്കിയ വിജയ കിരീടങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി.
തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ കിരീടത്തിന്റെ മാതൃകയാണ് കുട്ടികൾതന്നെ മന്ത്രിയ്ക്ക് സമർപ്പിച്ചത്. ആകെ 5700 കിരീടങ്ങളാണ് തയാറാക്കിയത്. കൊച്ചി രാജീവ്ഗാന്ധി ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽവച്ച് നടന്ന ചടങ്ങിൽ മന്ത്രിയെക്കൂടാതെ, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ്, വർക്ക് എഡ്യൂക്കേഷൻ വിഭാഗത്തിലെയും ഡയറക്ടറേറ്റിലെയും മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികൾക്കൊപ്പം സ്കൂൾ പ്രൊഡക്ഷൻ യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്കൂൾ വർക്ക് എഡ്യൂക്കേഷൻ ടീച്ചറും സ്റ്റേറ്റ് റിസോർസ് പേഴ്സണുമായ വി.പി. വർഷ, അധ്യാപകരായ കെ.പി. രജിന, പി.വി. ശ്രീവിദ്യ, പി. അനുപമ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ദിനേശൻ ആലിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.