ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം
1464860
Tuesday, October 29, 2024 7:16 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായി ചേർന്ന ജില്ലാപഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷ ബഹളം. പി.പി. ദിവ്യ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്റെ അധ്യക്ഷതയിലാണ് ഇന്നലെ രാവിലെ യോഗം ചേർന്നത്. യോഗത്തിന് മുന്പ് തന്നെ പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം പ്രമേയമവതരിപ്പിക്കാൻ അനുമതി തേടിയെങ്കിലും വൈസ് പ്രസിഡന്റ് ഇത് നിഷേധിച്ചതോടെയാണ് പ്രതിഷേധിക്കുകയായിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യുക, ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ദിവ്യയുടെ പഞ്ചായത്ത് അംഗത്വവും ഒഴിവാക്കുക, ദിവ്യക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ, പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്നും ഏഴു ദിവസം മുന്പ് നോട്ടീസ് നൽകണമെന്നും വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം, എൻ.പി. ശ്രീധരൻ, ലിസി ജോസഫ്, ജൂബിലി ചാക്കോ, ടി.സി. പ്രിയ, എസ്.കെ. ആബിദ, ടി. താഹിറ എന്നിവർ ചേർന്ന് വൈസ് പ്രസിഡന്റിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പ്രതിപക്ഷ ബഹളത്തിനിടെ അജണ്ടകൾ ഒന്നൊന്നായി വായിച്ച് തീർത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് നടപടികൾ അതിവേഗം പൂർത്തിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു. പ്രമേയാനുമതി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.