യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കി തടിക്കടവ്-ചാണോക്കുണ്ട് റോഡ്
1450633
Thursday, September 5, 2024 12:59 AM IST
തടിക്കടവ്: റോഡരികി ഇടിഞ്ഞ് പുഴയിലേക്ക് നീങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാത്തത് വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നതിനൊപ്പം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. ചാണോക്കുണ്ട് തടിക്കടവ് നെല്ലിപ്പാറ റോഡിൽ തടിക്കടവ് പന്ത്രണ്ടാംചാൽ പക്ഷിസങ്കേതത്തിന് സമീപമാണ് റോഡരിക് ഇടിഞ്ഞ് പുഴയിലേക്ക് തെന്നിനീങ്ങിയ അവസ്ഥയിലുള്ളത്. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് മരങ്ങളടക്കം പുഴയിലെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കുകയും ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല.
പുഴ ദിശമാറി ഒഴുകയിതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. നേരത്തെ പുഴ ഒഴുകിയ ഭാഗത്ത് മണൽ അടിഞ്ഞു കൂടിയതിനെ തുടർന്നാണ് പുഴയുടെ ഗതിമാറിയത്. നിലവിൽ റോഡിന്റെ തിട്ടയോട് ചേർന്ന ഭാഗത്തിന് താഴെയായാണ് ഇപ്പോൾ പുഴയൊഴുകുന്നത്. റോഡിലെ വളവോട് ചേർന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്. പരിചയമില്ലാത്ത ഡ്രൈവർമാർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. വാഹനം കടന്നു പോകുന്ന സമയത്ത് മണ്ണിടിച്ചിൽ ഉണ്ടായാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.പുഴ പൂർവസ്ഥിതിയിൽ ആക്കുകയും റോഡ് ബലപ്പെടുത്തുകയും ചെയ്താൽ മാത്രമേ മണ്ണിടിച്ചിൽ തടയാനാകൂ.
പുഴയോരം സംരക്ഷിക്കണമെങ്കിൽ ഒൻപത് കോടിയോളം രൂപയുടെ ചെലവ് വരുമെന്നാണ് കരുതുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് എന്ന നിലയിൽ റോഡിന്റെ പകുതിഭാഗത്തോളം റിബൺ കെട്ടി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകത്തതിൽ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.