കാലവർഷത്തിന്റെ സൗന്ദര്യമായി മലയോര വെള്ളച്ചാട്ടങ്ങൾ
1450632
Thursday, September 5, 2024 12:58 AM IST
നടുവിൽ: പച്ചപ്പു പുതച്ച് നിൽക്കുന്ന മലകൾക്കിടയിലൂടെ പാൽനിറത്തിൽ ഒഴുകിയെത്തുന്ന അരുവികൾ, പാറക്കെട്ടുകളിൽ നിന്ന് വെള്ളത്തിന്റെ സ്ഫടിക മുത്തുകൾ തെറിപ്പിച്ച് പതിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം സഞ്ചാരികൾക്ക് പ്രത്യേക വൈബ് പകർന്നു നൽകുന്ന പ്രകൃതിയുടെ വരദാനങ്ങളാണ്. മഴ അൽപം മാറി അന്തരീക്ഷം തെളിഞ്ഞതോടെ മലയോര കാഴ്ചകളും വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനുമായി നിരവധി സഞ്ചാരികളാണ് ജില്ലയിലെ മലയോര കേന്ദ്രങ്ങളിലെത്തുന്നത്.
ആലക്കോട് പഞ്ചായത്തിലെ വൈതൽക്കുണ്ട്,നടുവിൽ പഞ്ചായത്തിലെ പാലക്കയം തട്ടിനടുത്തുള്ള ജാനകിപ്പാറ,ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെല്ലാം സന്ദർശകർ ഒഴുകിയെത്തുകയാണ്. സഞ്ചാരികൾ കുടുംബമായി എത്തുന്നതിന് പുറമെ യുവാക്കളും വിദ്യാർഥികളും വ്ലോഗർമാർക്കുമൊപ്പം റീൽസ് നിർമാതാക്കളും സെൽഫിയെടുക്കാനും ജില്ലയക്ക് പുറത്തു നിന്നുമെല്ലാം എത്തുന്നുണ്ട്. സന്ദർശകരെ പ്രതീക്ഷിച്ച് ഇത്തരം ടൂറിസം കേന്ദ്രങ്ങളിൽ ചെറുകിട വ്യാപാരികളും സജീവമാണ്.
പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം
സഞ്ചാരികൾ വ്യാപകമായി എത്തുന്നത് ടൂറിസം മേഖലയുടെ കുതിപ്പിന് ഇടയാക്കുമെങ്കിലും ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണ കാര്യവും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സന്ദർശകർ തന്നെ പരിസ്ഥിതി സൗഹാർദ ശീലങ്ങൾ പിന്തുടരണം. പലയിടത്തും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് മറ്റൊരു പ്രധാന പ്രശ്നം. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിർമാണങ്ങൾ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ളവയിലേക്ക് നയിച്ചേക്കുമെന്നതിനാൽ അധികൃതർ ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കാപ്പിമല വെള്ളച്ചാട്ടത്തിന് സമീപം കഴിഞ്ഞ കാലവർഷക്കാലത്ത് വലിയ ഉരുൾപൊട്ടൽ സംഭവിച്ചിരുന്നു. വൈതൽക്കുണ്ടിൽ ഇപ്പോഴും വ്യാപകമായ മരം വെട്ട് നടക്കുകയാണ്.
സുരക്ഷയും സൗകര്യവും
ഉറപ്പാക്കണം
പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ പേരിനു പോലുമില്ലെന്നത് വലിയ പോരായ്മയാണ്. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ വർഷങ്ങൾക്കു മുമ്പ് രണ്ടു വിദ്യാർഥികൾക്കും മണക്കടവിനടുത്ത നീലിക്കയത്തിൽ കഴിഞ്ഞ വർഷം ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.അപകട സാധ്യത ഉണ്ടായിട്ടും എവിടെയും മുന്നറിയിപ്പ് ബോർഡുകൾ പോലുമില്ല. പലയിടത്തും പാർക്കിംഗ് കേന്ദ്രങ്ങളുണ്ടെങ്കിലും ഇവയിൽ പലതും അംഗീകൃതമല്ല. ഇത്തരം കേന്ദ്രങ്ങൾ വലിയ തുക ഈടാക്കുന്നതായും പരാതിയുണ്ട്.