ഓണം വിപണി ലക്ഷ്യമിട്ട കൃഷിയും നശിപ്പിച്ചു
1450630
Thursday, September 5, 2024 12:58 AM IST
ആലക്കോട്: കാട്ടുപന്നി വിളയാട്ടത്തിൽ മലയോര കർഷകരുടെ ദുരിതത്തിന് ഒാണക്കാലത്തും മാറ്റമില്ല. മഴക്കാലം ആരംഭിച്ചതോടെ കൃഷിയിടങ്ങളിൽ വ്യാപകമായി കാടുകൾ വളർന്നതോടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷികൾ നശിപ്പിക്കുകയാണ്. ഓണം വിപണി മുമ്പിൽ കണ്ട് കർഷകർ കൃഷി ചെയ്ത കപ്പ, ചേന, ചേമ്പ്, വാഴ എന്നിവ വ്യാപകമായി നശിപ്പിക്കുന്നത്. ചെറിയ തെങ്ങ്, കമുക് തൈകൾ മുതൽ നാലുവർഷം പ്രായമുള്ള തൈകൾ വരെ നശിപ്പിച്ച നിലയിലാണ്.
തുടക്കത്തിൽ കർഷകർ പരാതിയുമായി കൃഷിഭവനെയും പഞ്ചായത്തിനെയും സമീപിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ കർഷകർ നിരാശയിലാണ്.
നടുവിൽ പഞ്ചായത്ത്, വനംവകുപ്പ് എന്നിവ സംയുക്തമായി കൃഷി സംരക്ഷണത്തിനായി തോക്ക് ലൈസൻസ് ഉള്ളവരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്തിരുന്നു. ഇവരെ ഉൾപ്പെടുത്തി കർഷക രക്ഷയ്ക്കായി പ്രത്യേക ക്ലസ്റ്റർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇവർക്കുള്ള ബോധവത്കരണ ക്ലാസും നൽകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ, ഫോറസ്റ്റ് ബീറ്റ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ വേട്ടനായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണു ഷൂട്ടർമാരുടെ സംഘം കൃഷിയിടങ്ങളിൽ നിന്ന് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പന്നികളുടെ ജഡങ്ങൾ മറവു ചെയ്തിരുന്നു.
നടുവിൽ പഞ്ചായത്തിന്റെ മാതൃകയിൽ ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ പ്രത്യേക ടീം ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം. മുമ്പ് ഒരുകാലത്തും റബർതൈകൾ കാര്യമായി നശിപ്പിക്കാതിരുന്ന കാട്ടുപന്നികൾ പെരുകിയതോടെ ആലക്കോട് പഞ്ചായത്തിലെ രയറോം, പുളിയലംകുണ്ട്, നെടുവോട്, പരപ്പ, മൂന്നാംകുന്ന് മേഖലകളിൽ റബർ തൈകൾ വ്യാപകമായി നശിപ്പിക്കുകയാണ്. പുതിയതായി റീപ്ലാന്റ് ചെയ്തു പിടിപ്പിച്ച തൈകൾ മുതൽ നാലുവർഷം വരെ പ്രായമുള്ള തോട്ടങ്ങളിലെ റബർ തൈകൾ വരെ കാട്ടുപന്നികൾ നശിപ്പിച്ചു. ഇത് ഒരു പരിധിവരെ സംരക്ഷിക്കുന്നതിനു വേണ്ടി തോട്ടങ്ങൾക്ക് ചുറ്റും കർഷകർ കമ്പിവേലിയും ഗ്രീൻനെറ്റ് കെട്ടിയുമാണ് തൈകൾ സംരക്ഷിച്ചു നിർത്തുന്നത്.