ഓണം കളറാക്കാൻ ജയിൽ ചെണ്ടുമല്ലിയും
1450626
Thursday, September 5, 2024 12:58 AM IST
കണ്ണൂർ: ഇത്തവണ ഓണപ്പൂക്കളമൊരുക്കാൻ ജയിൽ പൂവുകളും. സെൻട്രൽ ജയിലിനു മുന്നിലെ ഒന്നാം കൗണ്ടറിലൂടെ കുറഞ്ഞ വിലയക്കാണ് പൂക്കളുടെ വിൽപ്പന നടത്തുക. കണ്ണൂർ സെൻട്രൽ ജയിലിൽ ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ പൂകൃഷിയാണ് നൂറുമേനി വിളവേകിയത്. സെൻട്രൽ ജയിലിനോട് ചേർന്ന ഒന്നരയേക്കർ സ്ഥലമാണ് ഇക്കുറി പൂപ്പാടമായി മാറിയത്. കഴിഞ്ഞ ജൂലൈയിൽ ആണ് പൂകൃഷിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി വകുപ്പിന്റെ എസ്എച്ച്എം പദ്ധതി പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന കണ്ണൂർ സെപ്ഷൽ സബ് ജയിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ഉത്തരമേഖല ജയിൽ ഡിഐജി ബി. സുനിൽകുമാർ ആദ്യ വില്പന നടത്തി. തളിപ്പറന്പ് കാർഷിക വികസന ബാങ്ക് കൺസോർഷ്യം വൈസ് ചെയർമാൻ എൽ.വി. മുഹമ്മദ് ആദ്യവില്പന ഏറ്റു വാങ്ങി.
പുഴാതി കൃഷി ഓഫീസർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് പൂക്കൃഷി നടത്തിയത്. വിളവെടുപ്പ് ചടങ്ങിന് ജയിൽ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട കെ. വേണു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. രേണു പദ്ധതി വിശദീകരിച്ചു ജില്ലാ ജയിൽ സൂപ്രണ്ട് കെ.കെ. റിനിൽ, വനിതാ ജയിൽ സൂപ്രണ്ട് എ. റംല ബീവി, പുഴാതി കൃഷി ഓഫീസർ ശ്രീകുമാർ, പി.ടി. സന്തോഷ്, കെ.കെ. ബൈജു, സ്പെഷൽ സബ് ജയിൽ സുപ്രണ്ട് ഇ.വി. ജിജേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.സി. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പ്രിസൺ മെഡലിനർഹരായ ടി.എ. പ്രഭാകരൻ, എസ്. ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.