പരിസ്ഥിതി ലോലം: കരട് വിജ്ഞാപനത്തിലെ തെറ്റുകൾ തിരുത്താൻ മുഖ്യമന്ത്രിക്ക് നിവേദനം
1450624
Thursday, September 5, 2024 12:58 AM IST
ഇരിട്ടി: കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് പരിസ്ഥിതി ലേല മേഖലകൾ നിർണയിച്ചുക്കൊണ്ടുള്ള കരട് വിജ്ഞാപനത്തിലെ തെറ്റുകൾ തിരുത്തണമെന്നും കരട് വിജ്ഞാപനം ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുമെന്ന ഉത്തരവ് നടപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി സണ്ണിജോസഫ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
ജനവാസ മേഖലയേയും കൃഷി സ്ഥലങ്ങളേയും ഒഴിവാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്തുകൾ സമർപ്പിച്ച മാപ്പിൽ ഉൾപ്പെട്ട പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള രൂപരേഖ പ്രസിദ്ധപ്പെടുത്തണം എന്നാണ് ആവശ്യം. നിലവിൽ പരിസ്ഥിതി വകുപ്പിന്റെ വൈസ്സൈറ്റിൽ മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചത്. 123 വില്ലേജുകളിലായി 13,108 സ്ക്വയർ കിലോമീറ്റർ പരിസ്ഥിതി ലോലമാണെന്നാണ് കരട് വിജ്ഞാപനത്തിൽ പറയുന്നത്. 123 വില്ലേജുകളിലെ മൊത്തം ഭൂവിസ്തൃതി പോലും ഇത്രയും വരില്ല. ഉമ്മൻ വി.ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 3114 സ്ക്വയർ കിലോമീറ്റർ ഇഎസ്എ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടും പഴയ തെറ്റ് വീണ്ടും ആവർത്തിച്ച് മാപ്പ് പ്രസിദ്ധീകരി ക്കുകയാണെന്ന് എംഎൽഎ നിവേദനത്തിൽ പറഞ്ഞു.
ജനവാസ മേഖലകളെ ഇഎസ്എ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ, ശാസ്ത്രജ്ഞൻ ജൂഡ് ഇമ്മാനുവേൽ എന്നിവരുമായി എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തി.