നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ അന്തരിച്ചു
1450573
Wednesday, September 4, 2024 9:56 PM IST
പയ്യന്നൂർ: പ്രമുഖ സിനിമ സീരിയൽ നാടകനടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് സ്മൃതിയിൽ.
മലയാള സിനിമയിൽ ആദ്യമായി പയ്യന്നൂരിന്റെ കൈയൊപ്പ് ചാർത്തിയ കലാകാരനാണ് വി.പി. രാമചന്ദ്രൻ.വ്യോമസേനയിൽ ജോലി ചെയ്യുമ്പോഴാണ് അഭിനയ പാടവം പ്രകടമാക്കി കലാപ്രവർത്തനം ആരംഭിച്ചത്. എംടി.വാസുദേവൻ നായർ- മോഹൻലാൽ ടീമിന്റെ കൂട്ടുകെട്ടിൽ പിറന്ന സദയംപോലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞതോടെ നാടകരംഗത്ത് സജീവമായി. ലങ്കാ ലക്ഷ്മി, ഭാരതരഥം തുടങ്ങിയ നിരവധി നാടകങ്ങളാണ് കലാലോകത്ത് എത്തിച്ചത്.
നിരവധി സീരിയലുകളുടേയും സംവിധായകനായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: കെ. മാധവൻ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: പദ്മഭൂഷൻ വി.പി. ധനഞ്ജയൻ, മനോമോഹൻ, വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി.