കുന്നോത്ത് മേജർ സെമിനാരി രജത ജൂബിലി നിറവിൽ
1450570
Wednesday, September 4, 2024 7:45 AM IST
കുന്നോത്ത്: സീറോ മലബാർ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ സെമിനാരിയിൽ നടക്കും.രാവിലെ ഒന്പതിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തലശേരിആർച്ച്ബിപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മേജർ ആർച്ച്ബിഷപ് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടർ ഫാ. ജേക്കബ് ചാണിക്കുഴി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, നസ്രത്ത് സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ജസീന്ത എന്നിവർ പ്രസംഗിക്കും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ 2000 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനം വഴിയാണ് സെമിനാരി സ്ഥാപിതമായത്. തലശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റം കുന്നോത്ത് സാന്തോം എസ്റ്റേറ്റിൽനിന്നു ദാനമായി നൽകിയ 20 ഏക്കർ സ്ഥലത്താണ് സെമിനാരി നിർമിച്ചത്.
നസ്രത്ത് സിസ്റ്റേഴ്സ് താത്ക്കാലികമായി നൽകിയ കെട്ടിടത്തിലാണ് ആദ്യത്തെ രണ്ടുവർഷങ്ങളിൽ സെമിനാരി പ്രവർത്തിച്ചത്. 2003 ജൂലൈ 18 മുതൽ സ്വന്തം കെട്ടിടത്തിൽ സെമിനാരി പ്രവർത്തനമാരംഭിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന നിർമാണ പ്രവർത്തനങ്ങൾ 2023 ജൂൺ മാസത്തിൽ പൂർത്തിയായി. സീറോ മലബാർ സിനഡ് നിയോഗിക്കുന്ന മെത്രാൻമാരുടെ മൂന്നംഗസമിതിയാണ് സെമിനാരിയുടെ ഉന്നത നേതൃത്വം. തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്താമാരായിരുന്ന മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട് എന്നിവർ ഇക്കാലഘട്ടത്തിൽ സെമിനാരിയുടെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു.
ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ജോർജ് പുളിക്കൽ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. എമ്മാനുവേൽ ആട്ടേൽ എന്നിവർ സെമിനാരിയുടെ റെക്ടർമാരായിരുന്നു. മാർ ജോസഫ് പാംപ്ലാനി ചെയർമാനും മാർ ജോസഫ് പണ്ടാരശേരിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ അംഗങ്ങളുമായ സിനഡൽ കമ്മീഷനാണ് സെമിനാരിയുടെ ഇപ്പോഴത്തെ ഉന്നതാധികാര സമിതി. ഫാ. ജേക്കബ് ചാണിക്കുഴിയാണ് റെക്ടർ. സെമിനാരിയുടെ തത്വശാസ്ത്ര വിഭാഗം പൂനയിലെ ജ്ഞാനദീപ വിദ്യാപീഠവുമായും ദൈവശാസ്ത്രവിഭാഗം കോട്ടയത്തെ പൗരസ്ത്യ വിദ്യാപീഠവുമായും അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഇതിനോടകം 386 വൈദികരാണ് ഇവിടെ പരിശീലനം നേടിയിട്ടുള്ളത്. ഇപ്പോൾ 175 വിദ്യാർഥികളും 15 വൈദികരുമാണ് ഇവിടെയുള്ളത്.
ജൂബിലി വർഷത്തിൽ അന്തർദേശീയ സെമിനാറുകൾ, ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, സാമൂഹ്യക്ഷേമ പദ്ധതികൾ, പൂർവ വിദ്യാർഥി സംഗമം, വിവിധ മേജർ സെമിനാരികളെ ഉൾപ്പെടുത്തി കലാസാഹിത്യ മത്സരങ്ങൾ, കായികമേള എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. 2025 ഓഗസ്റ്റിൽ ജൂബിലി സമാപനാഘോഷം നടക്കും.