ഇരിട്ടി ടൗണിലെ കവർച്ച: പ്രതികൾ കർണാടകയിൽ അറസ്റ്റിൽ
1450566
Wednesday, September 4, 2024 7:40 AM IST
ഇരിട്ടി: ടൗണിലെ മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തുകയും നിർത്തിയിട്ട ബൈക്ക് കവർന്ന് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കർണാടകയിൽവച്ച് അറസ്റ്റ് ചെയ്തു.
ഇരിട്ടി പോലീസും കർണാടക പോലീസും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിലും കർണാടകയിലും നിരവധി കേസുകളിലെ പ്രതികളായ ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ. സലിം (42), കർണാടകയിലെ സോമവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിൽ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു (30) എന്നിവരാണ് പിടിയിലായത്. പ്രതികളായ ഇരുവരും നേരത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
ഇരിട്ടിയിലെ കവർച്ചയ്ക്ക് പുറമെ കേളകം, മാടത്തിൽ, പെരുങ്കരി എന്നിവിടങ്ങളിലെ ആരാധാനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടംഗ സംഘം കവർച്ച നടത്തിയിട്ടുണ്ട്.
കർണാടകയിൽ വാഹനക്കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതികളാണ്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ഇരിട്ടിയിലെത്തിച്ച് തുടർ അന്വേഷണം നടത്തും.